സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. വൈകിട്ട് 6.30നും 11.30നും ഇടയിൽ 15 മിനിറ്റാണ് നിയന്ത്രണം. നഗരപ്രദേശങ്ങൾക്കും ആശുപത്രികൾ, പമ്പ് ഹൗസുകൾ തുടങ്ങിയ അവശ്യ സേവനങ്ങൾക്കും നിയന്ത്രണം ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തിന് വൈദ്യുതി നൽകുന്ന ജാർഖണ്ഡിലെ മൈഥോണ്‍ പവർ സ്റ്റേഷനിൽ കൽക്കരി ക്ഷാമം കാരണം ഉൽപ്പാദനം കുറച്ചിരുന്നു. ഇതുമൂലം സംസ്ഥാനത്തിന് ലഭിക്കുന്ന വൈദ്യുതിയിൽ 400 മുതൽ 500 മെഗാവാട്ട് വരെ കുറവുണ്ടാകും. വൈകിട്ട് 6.30 മുതൽ രാത്രി 11.30 വരെ 4,580 മെഗാവാട്ട് വൈദ്യുതിയാണ് വേണ്ടത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
രാജ്യത്തുടനീളം വൈദ്യുതിയുടെ ആവശ്യകത വർധിച്ചതും താപവൈദ്യുതി ഉൽപ്പാദനത്തിൽ കുറവുണ്ടായതും കാരണം മൊത്തം വൈദ്യുതി ആവശ്യകത 10.7 ജിഗാവാട്ട് കുറഞ്ഞു. രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന് കുട്ടിയും കെഎസ്ഇബിയും വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ഉപഭോക്താക്കളോട് കെഎസ്ഇബി അഭ്യർത്ഥിച്ചു.
നിലവിൽ, 14 സംസ്ഥാനങ്ങളിൽ ഒരു മണിക്കൂറിലധികം ലോഡ് നിയന്ത്രണമുണ്ട്. ആന്ധ്രാപ്രദേശിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തേക്ക് എത്തുകയും കോഴിക്കോട് താപവൈദ്യുത നിലയം കമ്മിഷൻ ചെയ്യുകയും ചെയ്യുന്നതോടെ രണ്ടു ദിവസത്തിനകം സാധാരണ നിലയിലാകുമെന്ന് കെഎസ്ഇബി അറിയിച്ചു.
ദേശീയതലത്തിൽ ഡിമാൻഡ് 10.7 ജിഗാവാട്ട് കുറഞ്ഞു. കൽക്കരി ക്ഷാമവും ഉയർന്ന ഡിമാൻഡുമാണ് ഇതിന് കാരണം. മധ്യപ്രദേശ്, ഹരിയാന, ജാർഖണ്ഡ്, ജമ്മു കശ്മീർ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളിലും നിയന്ത്രണമുണ്ട്. നിലവിൽ കെഎസ്ഇബി കരാറെടുത്ത ദീർഘകാല വൈദ്യുത നിലയങ്ങളിൽ കൽക്കരി ക്ഷാമമില്ല. ഇത് സംസ്ഥാനത്തിന് ആശ്വാസമാണ്. വൈദ്യുതി പ്രതിസന്ധി നേരിടാൻ ബദൽ മാർഗങ്ങൾ തേടുകയാണ് ബോർഡ്.
കാലങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന കോഴിക്കോട് ഡീസൽ പ്ലാന്റിൽ ഇന്ധനം സംഭരിക്കും. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ചെലവേറിയതാണ്. കാലങ്ങളായി വൈദ്യുതി വാങ്ങാത്ത കായംകുളം എൻടിപിസിയിൽ നിന്ന് വൈദ്യുതി എത്തിക്കുന്ന കാര്യവും സംസ്ഥാന സർക്കാർ പരിഗണിക്കുന്നുണ്ട്. വൈദ്യുതി വിൽപന പുറത്തേക്ക് പരിമിതപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. കൂടുതൽ താപവൈദ്യുതി ലഭ്യമാകുന്ന മുറയ്ക്ക് വിൽപ്പന തുടരും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.