റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽനിന്ന് പണം തട്ടിയ യുവതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ചരൽ സ്വദേശി ബിൻഷ തോമസാണ് അറസ്റ്റിലായത്. ഇവർ പലർക്കും ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന ക്ലർക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി ലഭിക്കാൻ സഹായിക്കാമെന്നും പറഞ്ഞായിരുന്നു പണം തട്ടിയത്. പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് പൊലീസിയിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ബിൻഷ അറസ്റ്റിലായത്. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്നും നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായി. ഇരിട്ടിയിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് ബിൻഷ തട്ടിപ്പ് നടത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. യുവതിയെ ചോദ്യം ചെയ്തതിൽ നിന്നും തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









