ലയണൽ മെസ്സിയുടെ ഐതിഹാസിക ഫുട്ബോൾ കരിയറിന് പൂർണത നൽകാൻ ഒരു വിശ്വകിരീടമെന്ന സ്വപ്നം ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീന സാക്ഷാത്കരിച്ചു; ഓരോ ഇഞ്ചിലും ആവേശം നുരഞ്ഞുപൊന്തിയ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടത്തിൽ മുത്തമിട്ടത് ഷൂട്ടൗട്ടിൽ 4–2നാണ് അർജന്റീന ഫ്രാൻസിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ മൂന്നാമ്മത്തെ ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഫ്രാൻസിനായി കിലിയൻ എംബപെ ഹാട്രിക് നേടി. 80, 81, 118 മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകൾ. അർജന്റീനയ്ക്കായി മെസ്സി ഇരട്ടഗോൾ നേടി. 23, 108 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. ഒരു ഗോൾ എയ്ഞ്ചൽ ഡി മരിയയുടെ വകയാണ്. ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മോണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനി എന്നിവർ മാത്രം. ഫ്രഞ്ച് താരം കിങ്സ്ലി കോമന്റെ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തടഞ്ഞു. മൂന്നാം കിക്കെടുത്ത ഔറേലിയൻ ചൗമേനിയുടെ ഷോട്ട് പുറത്തുപോയി .മെസ്സി ഒരിക്കൽക്കൂടി ലോക ഫുട്ബോളിന്റെ താരമായെങ്കിലും, ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനുള്ള ഗോൾഡൻ ബൂട്ട് ഫൈനലിൽ ഹാട്രിക് നേടിയ ഫ്രഞ്ച് താരം കിലിയൻ എംബപെ സ്വന്തമാക്കി. ഫൈനലിൽ ഇരട്ടഗോൾ നേടിയ മെസ്സി ഏഴു ഗോളുമായി ഗോൾവേട്ടയിൽ രണ്ടാം സ്ഥാനത്തെത്തി . ഫൈനലിലും ഗോൾ നേടിയതോടെ, ഒരേ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാർട്ടറിലും ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും ഫൈനലിലും ഗോൾ നേടുന്ന ആദ്യ താരമെന്ന അതുല്യ നേട്ടവും മെസ്സിക്കു സ്വന്തം.ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നേടി. പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ കിങ്സ്ലി കോമന്റെ കിക്ക് മാർട്ടിനസ് തടഞ്ഞത് നിർണായകമായിരുന്നു. ടൂർണമെന്റിലെ മികച്ച യുവതാരമായി അർജന്റീനയുടെ തന്നെ എൻസോ ഫെർണാണ്ടസ് തിരഞ്ഞെടുക്കപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









