നിയമസഭാ കയ്യാങ്കളിക്കേസില്‍ പ്രതികളായ വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ഇടതുനേതാക്കള്‍ നാളെ കോടതിയില്‍ ഹാജരാകും. കുറ്റപത്രം വായിച്ചു കേള്‍ക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ കോടതിയില്‍ ഹാജരാകുന്നത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ആര്. രേഖയാണ് കേസ് പരിഗണിക്കുന്നത്. വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ളതാണ് നാളത്തെ കുറ്റപത്രം വായിക്കല്‍. കേസില്‍ ആറു പ്രതികളാണുള്ളത്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്, കെ.ടി. ജലീല്‍ എം.എല്‍.എ., മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്, കെ. അജിത്, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍. നേരത്തെ, ഇവരോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആരും ഹാജരായില്ല. തുടര്‍ന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു. ബുധനാഴ്ച ഹാജരാകണമെന്ന് അന്ത്യശാസനം നല്‍കുകയായിരുന്നു.
2015 മാര്‍ച്ച് 13-നായിരുന്നു നിയമസഭയില്‍ കയ്യാങ്കളിയുണ്ടായത്. അന്നത്തെ ധനമന്ത്രി കെ.എം. മാണി ബാര്‍ക്കോഴ കേസില്‍ അകപ്പെട്ടതിന് പിന്നാലെ ഇടതുപക്ഷം പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞാണ് അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന ഇടത് എം.എല്‍.എമാര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇത് കയ്യാങ്കളിയിലേക്കും സഭയിലെ വസ്തുവകകള്‍ തല്ലിത്തകര്‍ക്കുന്നതിലേക്കും കടക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കേസ് എടുത്തു. 2,17,000 രൂപയുടെ നഷ്ടം നിയമസഭയ്ക്ക് സംഭവിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









