കളക്ഷൻ റെക്കോർഡുകൾ തരിപ്പണമാക്കി മുന്നേറുകയാണ് ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ. ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷൻ പുറത്തുവന്നിരിക്കുകയാണ്. ആഗോളതലത്തിൽ 500 കോടി കളക്ഷൻ മറി കടന്നിരിക്കുകയാണ് ലിയോ.
ലിയോയുടെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് പുതിയ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. 12 ദിവസങ്ങൾ കൊണ്ട് 540 കോടിയാണ് ആഗോള തലത്തിൽ ലിയോ സ്വന്തമാക്കിത് . ലിയോ ഇൻഡസ്ട്രി ഹിറ്റ് എന്ന ഹാഷ്ടാഗും നിർമാതാക്കൾ ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ ലിയോ സ്വന്തമാക്കി എന്ന വിവരം ഏതാനും ദിവസങ്ങൾക്ക് മുമ്പ് സെവൻ സ്ക്രീൻ സ്റ്റുഡിയോ വെളിപ്പെടുത്തിയിരുന്നു.
വിജയ് യുടെയേും ലോകേഷ് കനഗരാജിന്റെയും കരിയറിൽ ഏറ്റവും കൂടുതൽ തിയേറ്റർ കളക്ഷൻ ലഭിക്കുന്ന ചിത്രംകൂടിയാണ് ലിയോ. പ്രീ റിലീസ് ബുക്കിങ്ങിലൂടെ തന്നെ ചിത്രം നൂറുകോടിയിലേറെ കളക്ഷൻ സ്വന്തമാക്കിയിരുന്നു. ആഗോളതലത്തിൽ അഞ്ചുദിവസംകൊണ്ടുതന്നെ ചിത്രം 400 കോടി ക്ലബിൽ എത്തിയിരുന്നു
മാസ്റ്റർ എന്ന ചിത്രത്തിനുശേഷം ലോകേഷും വിജയിയും ഒന്നിച്ച ആക്ഷൻ ചിത്രമാണ് ലിയോ. ലോകേഷ് കനഗരാജ് സിനിമാറ്റിക് യൂണിവേഴ്സിലേക്കുള്ള വിജയ് യുടെ പ്രവേശനം കൂടിയാണ് ലിയോ. മലയാളി താരം മാത്യു തോമസ്, സംവിധായകൻ ഗൗതം വാസുദേവ് മേനോൻ, തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, മൻസൂർ അലി ഖാൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന വമ്പൻ താരനിരയുമായാണ് ലിയോ എത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.