കൊച്ചി: കേരള പോലീസിലെ 873 പേർക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന വാർത്ത തെറ്റാണെന്ന് കേരള പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, എണ്ണത്തില്‍ കുറവെങ്കിലും പി.എഫ്.ഐ ബന്ധമുള്ള പൊലീസുകാര്‍ സേനയിലുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് എറണാകുളം പോലീസുകാരനെ സസ്പെൻഡ് ചെയ്തത്.
എറണാകുളം ജില്ലയിലെ കാലടി പോലീസ് സ്റ്റേഷനിലെ സിയാദിനെയാണ് സസ്പെൻഡ് ചെയ്തത്. സിയാദ് സിവിൽ പോലീസ് ഓഫീസറാണ്. അന്വേഷണ വിധേയമായാണ് സസ്പെന്ഷന്. ഇയാളുടെ പിഎഫ്ഐ ബന്ധങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയേക്കും. അതേസമയം, കേരള പോലീസിലെ 873 പേർക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് കാണിച്ച് എൻഐഎ റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പോലീസ് അറിയിച്ചിരുന്നു. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ നടന്ന ആക്രമണങ്ങളെക്കുറിച്ചും പ്രതികളെക്കുറിച്ചും എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഹർത്താൽ ദിനത്തിൽ അക്രമം നടത്തിയവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ പോപ്പുലർ ഫ്രണ്ടിന്റെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കുമെന്നാണ് എൻഐഎയുടെ കണക്കുകൂട്ടൽ. നിരോധനത്തിന് മുമ്ബ് രാജ്യവ്യാപകമായി നടന്ന റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളെ കുറിച്ചും ഈ കേസുകളില്‍ പ്രതികളായവരെ കുറിച്ചുമാണ് എന്‍ഐഎ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്നാണ് വിവരം.
അതേസമയം, പോപ്പുലർ ഫ്രണ്ട് നേതാവ് എ.അബ്ദുലിനെ സത്താറിൽ ചോദ്യം ചെയ്യുന്നതിനായി അഞ്ച് ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പോപ്പുലർ ഫ്രണ്ടിന് വിദേശ പണം കൈപ്പറ്റിയതു സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇക്കാര്യത്തിൽ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യണമെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു. തീവ്രവാദ സംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റ്, ബിനാമി സ്വത്തുക്കൾ സമ്പാദിക്കൽ എന്നിവയും എൻഐഎ അന്വേഷിക്കുന്നുണ്ട്.
അതേസമയം, നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടും രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐയും തമ്മിൽ ഒരു ബന്ധവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും എതിരായി സര്‍ക്കാര്‍ ഏജന്‍സികള്‍ നടപടികള്‍ സ്വീകരിക്കവേയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.
അതേസമയം, ഹർത്താൽ ദിനത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 49 പേരെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2390 ആയി. ഇതുവരെ 358 കേസുകൾ രജിസ്റ്റർ ചെയ്തു.
വിവിധ ജില്ലകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍.
തിരുവനന്തപുരം സിറ്റി – 25, 70
തിരുവനന്തപുരം റൂറല്‍ – 25, 169
കൊല്ലം സിറ്റി – 27, 196
കൊല്ലം റൂറല്‍ – 15, 165
പത്തനംതിട്ട – 18, 143
ആലപ്പുഴ – 16, 125
കോട്ടയം – 27, 411
ഇടുക്കി – 4, 54
എറണാകുളം സിറ്റി – 8, 91
എറണാകുളം റൂറല്‍ – 17, 47
തൃശൂര്‍ സിറ്റി – 13, 23
തൃശൂര്‍ റൂറല്‍ – 27, 48
പാലക്കാട് – 7, 89
മലപ്പുറം – 34, 253
കോഴിക്കോട് സിറ്റി – 18, 93
കോഴിക്കോട് റൂറല്‍ – 29, 100
വയനാട് – 7, 116
കണ്ണൂര്‍ സിറ്റി – 26, 104
കണ്ണൂര്‍ റൂറല്‍ – 9, 31
കാസര്‍ഗോഡ് – 6, 62
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









