അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോവും.
വൈകീട്ട് 3.30 മണിവരെ ഇരിങ്ങാലക്കുട ടൗൺഹാളിൽ പൊതുദർശനമുണ്ടാവും. ശേഷം വീട്ടിലേക്ക് കൊണ്ടുപോവും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ ചൊവ്വാഴ്ച രാവിലെ 10നാണ് സംസ്കാരം. കൊച്ചിയിലെ വി.പി.എസ്. ലേക്ഷോർ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 10.30-ഓടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം.
ഇന്നസെന്റ് മൂന്നാഴ്ചയോളമായി ന്യുമോണിയയും മറ്റസുഖങ്ങളും ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യം ഐസൊലേഷൻ വാർഡിലും പിന്നീട് ഐ.സി.യു.വിലുമായിരുന്നു. ഞായറാഴ്ച രാത്രിയോടെ നില വഷളാവുകയായിരുന്നു. ഹാസ്യവേഷങ്ങളിൽത്തുടങ്ങി പിൽക്കാലത്ത് സ്വഭാവനടനായും ശ്രദ്ധിക്കപ്പെട്ട ഇന്നസെന്റ് വിവിധ ഭാഷകളിലായി എഴുന്നൂറോളം സിനിമകളിൽ വേഷമിട്ടു. ‘മഴവിൽക്കാവടി’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാനപുരസ്കാരം . ഭാര്യ: ആലീസ്. മകൻ: സോണറ്റ്. മരുമകൾ: രശ്മി സോണറ്റ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









