മുസ്‌ലിം വിവാഹ ചടങ്ങുകളിൽ സ്ത്രീകൾക്കു വിവേചനമുണ്ടെന്ന നടി നിഖില വിമലിന്റെ പരാമർശം തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കണ്ണൂരിൽ മുസ്‌ലിം കല്യാണ വീടുകളിൽ സ്ത്രീകളെ അടുക്കളഭാഗത്ത് ഇരുത്തുന്ന രീതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് പ്രത്യേക ഭക്ഷണസൗകര്യം ഒരുക്കാറുണ്ട്. അതേസമയം, അഭിപ്രായം പറഞ്ഞതിന്റെ പേരിൽ നിഖിലയെ വേട്ടയാടുന്നതും ശരിയല്ലെന്നും ജയരാജൻ പറഞ്ഞു.
‘അവർക്ക് അങ്ങനെ അനുഭവമുണ്ടായിട്ടുണ്ടെങ്കിൽ അതു പറഞ്ഞതാകും. ഞങ്ങളുടെ അനുഭവം മറിച്ചാണ്. സ്ത്രീകൾക്ക് പ്രത്യേകമായി ഒരിടത്ത് ഭക്ഷണസ്ഥലമുണ്ടാകുമെന്നതല്ലാതെ, മഹാഭൂരിപക്ഷം സ്ഥലങ്ങളിലും സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതാണ് കാണുന്നത്. ഞങ്ങളൊക്കെ കല്യാണത്തിനു പോയിട്ടുണ്ട്. അവിടെയൊന്നും സ്ത്രീ-പുരുഷ വേർതിരിവ് പ്രത്യേകമായി പറയാനില്ല. എന്നാൽ, കല്യാണത്തിന് ഒരുക്കുന്ന പന്തലിൽ തന്നെ സ്ത്രീകൾക്ക് പ്രത്യേകമായി മേശയും കസേരയും ഒരുക്കാറുണ്ട്. അല്ലാതെ അടുക്കളഭാഗത്ത് ഭക്ഷണം നൽകുന്നത് കണ്ടിട്ടില്ല.’-ജയരാജൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









