കോഴിക്കോട്: മണ്ണെണ്ണ ക്ഷാമം രൂക്ഷമായതോടെ വിതരണം അനിശ്ചിതത്വത്തിലായി. മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക്, കാർഡ് ഉടമകൾക്ക് മൂന്ന് മാസം കൂടുമ്പോൾ അര ലിറ്റർ വീതമാണ് വിതരണം ചെയ്യുന്നത്.
കേന്ദ്രസർക്കാർ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതിനാൽ ആവശ്യത്തിൻ്റെ പകുതിപോലും ലഭിക്കുന്നില്ല.
നേരത്തെ ഓരോ താലൂക്കിലും രണ്ടിലധികം മൊത്തവിതരണ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. എന്നാൽ വിഹിതം കുറച്ചതോടെ ജില്ലയിൽ ഒന്നോ രണ്ടോ ഡിപ്പോകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഒരു റേഷൻ കടയിൽ ശരാശരി 100 ലിറ്ററിൽ താഴെ മണ്ണെണ്ണയാണ് ലഭിക്കുന്നത്.
ഇത്രയും സ്റ്റോക്ക് ലഭിക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട സ്ഥിതിയാണുള്ളത്. കമ്മിഷൻ്റെ നാലിരട്ടിയെങ്കിലും വ്യാപാരികൾക്ക് അധിക ബാധ്യതയുണ്ട്. ചെറിയ ഗുഡ്സ് ക്യാരിയർ വാഹനത്തിലായിരുന്നു മൊത്തവ്യാപാരിയില്‍ നിന്നും റേഷൻ കടകളിലെത്തിച്ചിരുന്നത്.
പെട്രോളിയം ഉൽപന്നങ്ങളുടെ വിഭാഗത്തിൽ പെടുന്നതിനാൽ ടാങ്കർ ലോറി പോലെയുള്ള വാഹനത്തിൽ വിതരണം ചെയ്യണമെന്ന നിർദേശത്തെ തുടർന്നു ചെറുവാഹനങ്ങളിൽ എത്തിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ പൂർണമായും വാതില്‍പടിയായി എത്തിക്കാതെ വിതരണം ചെയ്യാൻ കഴിയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ സംയുക്ത റേഷൻ കോ-ഓഡിനേഷൻ ഭക്ഷ്യ വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.