കോഴിക്കോട്: മില്‍മ ഉത്പന്നങ്ങളുമായി മിലി കാർട്ട് ഇലക്ട്രിക് വാഹനം ഇനി കൈയെത്തും ദൂരത്ത്. മില്‍മ ഐസ്ക്രീമുകളും ഉത്പന്നങ്ങളുമാണ് ഉപഭോക്താക്കളുടെ അടുത്തേക്കെത്തുന്നത്.
പൊതുമേഖലാസ്ഥാപനമായ കേരള ഓട്ടോമോബൈല്‍സ് ലിമിറ്റഡ് മില്‍മയ്ക്കായി പ്രത്യേകം രൂപകല്പനചെയ്തതാണ് ഫ്രീസറുള്പ്പെടുന്ന ‘മില്‍മ മിലി കാർട്ട്’ എന്ന ഇലക്ട്രിക് വാഹനം. മലബാറിലെ അഞ്ചുജില്ലകളിലേക്കായി 10 മില്‍മ മിലി കാർട്ടുകളാണ് പുറത്തിറക്കിയത്.
ബീച്ചുകള്‍, ഇതര വിനോദസഞ്ചാരകേന്ദ്രങ്ങള്‍, പ്രധാനകവലകള്‍ എന്നിവിടങ്ങളില്‍ മില്‍മ ഐസ്ക്രീം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിലി കാർട്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്. മറ്റ് മില്‍മ ഉത്പന്നങ്ങള്‍കൂടി ‘മിലി കാർട്ട്’ വഴി വിപണനംനടത്തുന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്.
നടുവട്ടത്തെ സെൻട്രല്‍ പ്രോഡക്ട്സ് ഡെയറിയില്നടന്ന ചടങ്ങില്‍ മില്‍മ ചെയർമാൻ കെ.എസ്. മണി ഫ്ളാഗ് ഓഫും താക്കോല്ദാനകർമവും നിർവഹിച്ചു.
”സംസ്ഥാനത്ത് മില്‍മയുടെ മൂന്ന് മേഖലായൂണിയനുകള്ക്കായി 30 മിലി കാർട്ടുകളാണ് റോഡിലിറക്കിയത്. ഇവയുടെ പ്രവർത്തനമികവ് വിലയിരുത്തി 70 മിലി കാർട്ടുകള്കൂടി വിപണിയിലിറക്കുന്ന കാര്യം പരിഗണനയിലാണ്. കേരളത്തിലെ ഓരോഗ്രാമപ്പഞ്ചായത്തിലും ഒരു മില്‍മ മിലി കാർട്ട് എന്നതാണ് ലക്ഷ്യം” -കെ.എസ്. മണി പറഞ്ഞു.
മില്‍മ ഉത്പന്നങ്ങള്‍ക്ക് വിദേശങ്ങളിലും പ്രിയമേറുകയാണ്. മില്‍മ പാല്‍പ്പൊടി ലുലു ഗ്രൂപ്പുമായി സഹകരിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു. 35 ടണ്ണിനാണ് ഓർഡർ ലഭിച്ചിരിക്കുന്നത്. മില്‍മ യുഎച്ച്ടി മില്‍ക്കും ജ്യൂസുകളും മാലദ്വീപിലേക്കും കയറ്റി അയക്കുന്നുണ്ട്. ഇൻസ്റ്റ മാർട്ട് വഴിയുള്ള മില്‍മ ഉത്പന്നങ്ങളുടെ ഓണ്‍ലൈൻ വിപണനത്തിലും നല്ല മുന്നേറ്റമാണുള്ളത്. ചെന്നൈ, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളിലും ഇൻസ്റ്റ മാർട്ട് വഴി മില്‍മ ഉത്പന്നങ്ങള്‍ വൈകാതെ വീടുകളില്‍ ലഭ്യമാകുമെന്നും മില്‍മ ചെയർമാൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










