കോടഞ്ചേരിയില്‍ നിന്ന് ആദിവാസി വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം; കുട്ടിയെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി
കോടഞ്ചേരി: പത്തുദിവസം മുൻപ് കോടഞ്ചേരിയില്‍ നിന്ന് കാണാതായ ആദിവാസി വിദ്യാർത്ഥിയെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി.
മധുരയില്‍ ഉണ്ടെന്നറിയിച്ച് കുട്ടി വിളിച്ചതായി പിതാവ് പറഞ്ഞു. കോടഞ്ചേരി പൊലീസ് മധുരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ചുണ്ടക്കുന്ന് ഉന്നതിയിലെ താമസക്കാരനായ 14 കാരൻ വിജിത് വിനീതിനെ തിരുവോണദിവസം മുതലാണ് കാണാതായത്. കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ് വിജിത്.
തിരുവോണനാളില്‍ രാവിലെ പതിനൊന്ന് മണിയോടെ വീട്ടില്‍ നിന്നും കൂട്ടുകാർക്കൊപ്പം പോയ വിജിത് താമരശേരിയിലെ സിനിമാ തിയറ്ററിലും വൈകിട്ടോടെ ഈങ്ങാപ്പുഴയിലും പോയതായി കണ്ടെത്തിയിരുന്നു. ആറുമണിയോടെ താമരശേരി ചുങ്കത്ത് എത്തിയതായും സ്ഥിരീകരിച്ചിരുന്നു. രാത്രി എട്ടുമണിയോടെ ഓമശേരി ബസ് സ്റ്റാൻഡ് പരിസരത്ത് കുട്ടി എത്തിയതായി വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
എന്നാല്‍ ഇവിടെനിന്നും കുട്ടി എങ്ങോട്ടുപോയി എന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല. ബസ് സ്റ്റാൻഡുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










