മൊബൈല്‍ ഫോണ്‍ ഇല്ലാത്തൊരു ജീവിതം ഇന്ന് പലര്‍ക്കും സങ്കല്പ്പിക്കാന് പോലും സാധിക്കില്ല. ആശയവിനിമയം എളുപ്പമാക്കാനും ജീവിതം സൗകര്യപ്രദമാക്കാനും മൊബൈല്‍ ഫോണ്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ അമിതമായ ഉപയോഗം ശാരീരിക, മാനസിക ആരോഗ്യനിലകളിൽ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കാം. മൊബൈല്‍ ഫോണ്‍ നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങുന്നതിന്റെ സൂചനകള്‍ ഇനി പറയുന്നവയാണ്.
ഫോണിലേക്ക് കണ്ണും നട്ട് മെസേജയച്ചും ക്ലിക്ക് ചെയ്തുമൊക്കെ മണിക്കൂറുകള്‍ ചെലവഴിക്കുന്നവരെ ആദ്യം പിടികൂടുക കഴുത്ത് വേദന പുറം വേദന, തോള് വേദന പോലുള്ള പ്രശ്നങ്ങളാണ്. ദീര്‍ഘകാലയളവില്‍ നട്ടെല്ലിനെ തന്നെ ബാധിക്കുന്ന ഈ പ്രശ്നം ‘ടെക്സ്റ്റ് നെക്ക്’ എന്ന പേരില്‍ അറിയപ്പെടുന്നു.
ദീര്‍ഘനേരം സ്ക്രീനില്‍ നോക്കിയിരിക്കുന്നത് കണ്ണുകള്‍ക്ക് സമ്മർദമുണ്ടാക്കും. പ്രത്യേകിച്ച് ഇരുണ്ട വെളിച്ചമുള്ള സ്ഥലങ്ങളിലാണെങ്കില്‍. വരണ്ട കണ്ണുകള്‍, മങ്ങിയ കാഴ്ച, തലവേദന, ഒന്നിലും കണ്ണുറപ്പിക്കാന്‍ വയ്യാത്ത അവസ്ഥ എന്നിവയെല്ലാം മൊബൈല്‍ ഉപയോഗം മൂലം സംഭവിക്കാം. മൊബൈല്‍ സ്ക്രീനുകളില്‍നിന്ന് പുറത്ത് വരുന്ന നീല വെളിച്ചം നമ്മുടെ ഉറക്കത്തിന്റെ ക്രമത്തെ ബാധിക്കാം. ഉറങ്ങുന്നതിന് വേണ്ടി കിടക്കയില്‍ കയറിയ ശേഷം മൊബൈല്‍ ഫോണ്‍ നോക്കിയിരിക്കുന്ന ശീലം ഉറക്കത്തിന്റെ ദൈര്‍ഘ്യത്തെയും നിലവാരത്തെയും ബാധിക്കും.
സാമൂഹിക മാധ്യമങ്ങളും മറ്റും ഉപയോഗിക്കുന്നവര്‍ക്ക് എപ്പോഴും മെസേജുകള്‍ നോക്കാനും മറുപടികള്‍ അയയ്ക്കാനുമൊക്കെയുള്ള ത്വര സ്വാഭാവികമായും ഉണ്ടാകും. മെസേജുകള്‍ക്ക് മറുപടിയും പോസ്റ്റുകള്‍ക്ക് ലൈക്കുമൊക്കെ കൃത്യ സമയത്ത് വരാതിരിക്കുന്നത് ഉത്കണ്ഠയും സമ്മർദവും ഉണ്ടാക്കാറുണ്ട്.
സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളും മറ്റും കണ്ട് മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് ആത്മവിശ്വാസക്കുറവ് പോലുള്ള മാനസിക പ്രശ്നങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും നയിക്കാം. സാമൂഹിക മാധ്യമങ്ങളില്‍ കളിയാക്കപ്പെടുന്നത് സാമൂഹിക ഒറ്റപ്പെടല്‍, വിഷാദരോഗം എന്നിവയ്ക്കും കാരണമാകാറുണ്ട്. എപ്പോഴും ഇരിക്കാനും കിടക്കാനുമല്ലാതെ എങ്ങോട്ടും യാത്ര ചെയ്യാനോ പുറത്തേക്ക് ഇറങ്ങാനോ തോന്നാത്ത വിധം മടി പിടികൂടുന്നതും മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗത്തിന്റെ ലക്ഷണമാണ്. ഈ അലസ ജീവിതം അമിതവണ്ണം, പേശികളുടെ ദുര്‍ബലത, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവയിലേക്ക് നയിക്കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.