മോഹൻലാലിൻ്റെ അറുപത്തിമൂന്നാം പിറന്നാൾ ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻ്റ് കൾച്ചറൽ വെൽഫയർ അസോസിയേഷൻ വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു . മെയ് 21-നാണ് മോഹൻലാലിന്റെ പിറന്നാൾ. ആഘോഷത്തിൻ്റെ ഭാഗമായി കോയമ്പത്തൂരിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ആർ.വി.എസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസുമായി സഹകരിച്ച് ‘കരിയർ ഗൈഡൻസ് പ്രോഗ്രാം’ സംഘടിപ്പിച്ചു.
വടകരയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറിലധികം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. ഇവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സംഗീത അഭിരുചിയുള്ള അഞ്ച് വിദ്യാർത്ഥികൾക്ക് അടുത്ത അധ്യയന വർഷത്തിൽ കോയമ്പത്തൂരിലെ RVS കോളജിൽ സൗജന്യമായി ബിരുദ പഠനവും പ്രശസ്ത പിന്നണി ഗായകൻ ശ്രീനിവാസിന്റെ നേതൃത്വത്തിൽ സംഗീത പരിശീലനവും നൽകും. അഞ്ച് കുട്ടികൾക്ക് ആയുർവേദം, ബി ഫാം കോഴ്സുകളിൽ ഫീസ് ഇളവോടെ പ്രവേശനം നേടാനും അവസരം ലഭിച്ചു.
വടകര മുൻസിപ്പൽ പാർക്കിൽ നടന്ന ക്ലാസ് കെ. കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിയനടന്റെ പിറന്നാൾ ആഘോഷം ഉപരിപഠന മേഖലയിൽ കുട്ടികൾക്ക് ദിശാ ബോധം നൽകുന്ന പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച ആരാധകരുടെ ശ്രമം അഭിനന്ദനാർഹമാണെന്നും സംഗീതത്തിൽ പ്രാവീണ്യമുള്ള കുട്ടികളെ കണ്ടെത്തി ഇഷ്ടവിഷയത്തിൽ ബിരുദ പ്രവേശനവും സംഗീത പഠനത്തിനും സാഹചര്യമൊരുക്കുന്ന ഫാൻസ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.