സംസ്ഥാനത്ത് മങ്കിപോക്സ് സംശയിച്ച് ഒരാൾ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇയാളിൽ നിന്ന് ശേഖരിച്ച സാംപിൾ പുണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈകിട്ട് പരിശോധനാഫലം ലഭിച്ചശേഷമേ ഇക്കാര്യം സ്ഥരീകരിക്കാനാകൂ . യുഎഇയിൽനിന്ന് കേരളത്തിൽ എത്തിയ ആളാണ് നിരീക്ഷണത്തിലുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.അതെ സമയം ഇയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നും മന്ത്രി വിശദീകരിച്ചു.
കുരങ്ങിൽ നിന്നു പടരുന്ന വൈറൽ പനി മനുഷ്യരിൽ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പർക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വസൂരിയെ നേരിടാൻ ഉപയോഗിച്ചിരുന്ന വാക്സീനാണ് നിലവിൽ മങ്കിപോക്സിനും നൽകുന്നത്. ഇത് 85% ഫലപ്രദമാണ്. പനി, തലവേദന, ദേഹത്ത് ചിക്കൻപോക്സിനു സമാനമായ കുരുക്കൾ എന്നിവയാണ് ലക്ഷണങ്ങൾ. 59 രാജ്യങ്ങളിലായി ആകെ 6027 കേസുകളാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തിൽ പ്രത്യേക യോഗം ചേരാനുള്ള നീക്കത്തിലാണ് ലോകാരോഗ്യ സംഘടന. പല രാജ്യങ്ങളിലും മങ്കിപോക്സ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കുന്നതിന് ഈ മാസം ആദ്യം ആരോഗ്യമന്ത്രാലയം വിശദമായ മാർഗരേഖയിറക്കിയിരുന്നു. വൈറസ് ബാധയേറ്റാലും ലക്ഷണം കണ്ടുത്തുടങ്ങാൻ 6 മുതൽ 13 ദിവസമെടുക്കും. ഇതു 5–21 ദിവസം വരെ നീളാം. രോഗം 2 മുതൽ 4 ആഴ്ച വരെ തുടരാം.വൈറസ് ബാധയെ തുടർന്നുള്ള പാടുകൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നതിനു 2 ദിവസം മുൻപു മുതൽ ഇത് ഇല്ലാതാകുന്നതു വരെ വൈറസ് മറ്റുള്ളവരിലേക്കു പടരാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









