ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 644 ഫ്ലാറ്റുകളാണ് പൂർത്തീകരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് ഫ്ലാറ്റുകൾ ഒരുങ്ങുന്നത്. തിരുവനന്തപുരം മുട്ടത്തറയിലെ ഭവന സമുച്ഛയത്തിൽ 400 ഫ്ളാറ്റുകളുടെയും ആലപ്പുഴ മണ്ണുംപുറത്തെ ഭവന സമുച്ഛയത്തിൽ 228 ഫ്ളാറ്റുകളുടെയും മലപ്പുറം നിറമരുതൂരിലെ ഭവന സമുച്ഛയത്തിൽ 16 ഫ്ളാറ്റുകളുടെയും നിർമാണം പുരോഗമിക്കുകയാണ്. ഇതുകൂടാതെ 540 ഫ്ളാറ്റുകൾക്ക് കൂടി നിർമ്മിക്കാൻ അനുമതി ലഭിച്ചു.
തിരുവനന്തപുരം വലിയതുറയിൽ 192, തിരുവനന്തപുരത്ത് കാരോട് 24, മലപ്പുറം പൊന്നാനിയിൽ 100, കോഴിക്കോട് വെസ്റ്റ്ഹിൽ 80, കാസർകോട് കോയിപ്പാടിയിൽ 144 ഫ്ലാറ്റുകൾക്കാണ് അനുമതി നൽകിയത്. തീരദേശ വേലിയേറ്റ രേഖയുടെ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി 2018-ൽ ഫിഷറീസ് വകുപ്പ് ആരംഭിച്ച പദ്ധതിയാണ് പുനർഗേഹം.
പുനർഗേഹം പദ്ധതി പ്രകാരം ഇതുവരെ 1968 കുടുംബങ്ങളെ വ്യക്തിഗത ഭവനങ്ങളിലേക്കും (തിരുവനന്തപുരം-523, കൊല്ലം-290, ആലപ്പുഴ-459, എറണാകുളം-53, തൃശ്ശൂർ-266, മലപ്പുറം-163, കോഴിക്കോട്-88, കണ്ണൂർ-85, കാസർഗോഡ്-41) 390 കുടുംബങ്ങളെ ഫ്ളാറ്റുകളിലേക്കും (തിരുവനന്തപുരം കാരോട്-128, തിരുവനന്തപുരം ബീമാപ്പള്ളി-20, കൊല്ലം ക്യു.എസ്.എസ് കോളനി-114, മലപ്പുറം പൊന്നാനി-128) പുനരധിവസിപ്പിച്ചു. ഇതുകൂടാതെ തിരുവനന്തപുരം വേളിയിൽ 168 ഫ്ളാറ്റുകൾ നിർമ്മിക്കാൻ ഭൂമിയും അനുവദിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









