കട്ടപ്പന: കട്ടപ്പനയിലെ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട വിജയനും കുടുംബത്തിനും നിതീഷിനെ മുമ്പുതന്നെ അടുത്ത പരിചയമുണ്ടായിരുന്നു. ഇരുകൂട്ടരും നഗരത്തിൽ താമസിക്കുന്നവരാണ്. എന്നാൽ, നിതീഷിന് ഈ കുടുംബത്തിൽ വലിയ സ്ഥാനവും വിശ്വാസവും കിട്ടാനുള്ള കാരണം മറ്റൊന്നാണ്. കുടുംബത്തിന്റെ അന്ധവിശ്വാസം. ദുർമന്ത്രവാദിയായ നിതീഷ് തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് അവർ വിശ്വസിച്ചിരുന്നു. നിതീഷ് അടുത്തതോടെ കുടുംബം എല്ലാ തരത്തിലും സമൂഹത്തിൽനിന്ന് അകന്നു. ബന്ധുക്കളുമായുള്ള സ്നേഹബന്ധം ഇല്ലാതായി. വർഷങ്ങളായി ഇവർക്ക് ആരുമായും അടുപ്പമില്ല.
വിജയന്റെ മകൾക്ക് വർഷങ്ങൾക്ക് മുൻപ് കൈവേദന വന്നപ്പോൾ നിതീഷിന്റെ പൂജയിലൂടെ ഇത് മാറി വിജയന്റെ മകനും മറ്റൊരു പ്രതിയുമായ വിഷ്ണുവിന് അത്ര വലിയ വിശ്വാസം ഇല്ലായിരുന്നു. എന്നാൽ, നിതീഷിന്റെ കൂടെക്കൂടി അന്ധവിശ്വാസങ്ങളിലേക്ക് മാറിയെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. നിതീഷുമായുള്ള കൂട്ട് അപകടമാണെന്ന് ബന്ധുക്കളിൽ പലരും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, വിജയനും കുടുംബവും അത് കാര്യമാക്കിയില്ല.
ഇതിനിടെ വിജയന്റെ മകളുമായി നിതീഷ് അടുപ്പം സ്ഥാപിച്ചു. ഇവർക്ക് കുട്ടിയുണ്ടാകുകയും ചെയ്തു. ഈ കുഞ്ഞിനെയാണ് ദുരഭിമാനത്തിന്റെ പേരിൽ ജനിച്ച് ദിവസങ്ങൾക്കകം നിതീഷ് ശ്വാസംമുട്ടിച്ച് കൊന്നത്. മൃതദേഹം ഇവിടത്തെ തൊഴുത്തിൽ കുഴിച്ചുമൂടിയെന്നാണ് മൊഴി. വിജയനും മകൻ വിഷ്ണുവും കുഞ്ഞിനെ കൊല്ലാൻ സഹായിച്ചുവെന്നും നിതീഷിന്റെ മൊഴിയിലുണ്ട്. പിന്നീട് വീട് വിറ്റു. ഈ പണത്തിലെ വലിയ പങ്ക്, പൂജയ്ക്കെന്ന പേരിൽ നീതീഷ് വാങ്ങിയെടുത്തു. പലയിടങ്ങളിൽ വാടകയ്ക്ക് താമസിച്ചു. എട്ടുമാസം മുൻപാണ് കാഞ്ചിയാർ കക്കാട്ടുകടയിലെ വീട് വാടകയ്ക്ക് എടുത്തത്. ഇവിടെയും നിതീഷ് ദുർമന്ത്രവാദം നടത്തി.
ഇവിടെയും അയൽവാസികളുമായി ഒരു ബന്ധവുമില്ലായിരുന്നു. തൊട്ടപ്പുറത്തുള്ള വീട്ടിൽ കുടിവെള്ളത്തിനായി മോട്ടോർ പ്രവർത്തിപ്പിക്കാൻ വിഷ്ണു പോകുമായിരുന്നു. ആ വീട്ടുകാരോടും വിഷ്ണു അധികം മിണ്ടിയിട്ടില്ല. സ്ത്രീകൾ വീടിന് പുറത്ത് വരില്ലായിരുന്നു. ആകെ ദുരൂഹത നിറഞ്ഞ ജീവിതം. മോഷണക്കേസിൽ വിഷ്ണുവും നിതീഷും പിടിയിലായതോടെയാണ് പോലീസ് വാടകവീട്ടിലേക്ക് എത്തുന്നത്. കുടുസുമുറിയിൽ സ്ത്രീകളെ അടച്ചിട്ട നിലയിൽ കണ്ടെത്തി. സ്റ്റൗവും ഭക്ഷ്യവസ്തുക്കളും മുറിയിലുണ്ടായിരുന്നു. വീട്ടിൽ ചാക്കുകെട്ടുകളും വസ്ത്രങ്ങളും ഭക്ഷണപ്പൊതികളുടെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും തുണിയും ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു രണ്ട് മുറികൾ. ഇതിൽ കൂടുതലും പൂജാ വസ്തുക്കളും രൂപങ്ങളും പുസ്തകങ്ങളുമായിരുന്നു. വിജയനെ കൊന്ന് കുഴിച്ചുമൂടിയത് ഈ വീടിന്റെ തറയിലാണ്.
ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് വിജയന് ജോലിക്കുപോകാൻ കഴിയാതെ വന്നു. ഇതോടെയാണ് നിതീഷുമായുള്ള പ്രശ്നങ്ങൾ തുടങ്ങുന്നത്. കുഞ്ഞിനെ കൊന്നുകുഴിച്ചുമൂടിയ സാഗര ജങ്ഷനിലെ വീട് വിജയൻ വിറ്റത് ഒരു കോടിയോളം രൂപയ്ക്കാണ്. ഈ പണത്തിന്റെ വലിയൊരു പങ്ക് നിതീഷ് വാങ്ങിയെടുത്തിരുന്നു. ജോലിക്കുപോകാൻ വയ്യാതായതോടെ ഈ പണം തിരിച്ചുവേണമെന്ന് വിജയൻ ആവശ്യപ്പെട്ടുവെന്ന് പറയുന്നു. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിജയനെ തലയ്ക്കടിച്ചുവീഴ്ത്തിയ ഇവർ മൃതദേഹത്തിൽ പാന്റ്സും ഷർട്ടും ധരിപ്പിച്ചു. മരിച്ചുവെന്ന് മനസ്സിലായതോടെ വീട്ടിലെ കസേരയിലിരുത്തി. തുടർന്ന് ഇരുവരുംകൂടി മൃതദേഹം കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്റെ തറയിൽ കുഴിച്ചിട്ടത്. ഒന്നരദിവസംകൊണ്ടാണ് കുഴിയെടുത്തത്. അപ്പോഴേക്കും മൃതദേഹം അഴുകി ദുർഗന്ധം വന്നുതുടങ്ങിയിരുന്നു. കുഴിയിൽ വെയ്ക്കുന്നതിനുമുൻപ് മൃതദേഹം മൂന്നായി ചവിട്ടിമടക്കിയെന്നും പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.