കൽപ്പറ്റ: മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ ഒരു ഗ്രാമം ഒലിച്ചുപോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇവിടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
ഇതുവരെ 156 മരണങ്ങൾ സ്ഥിരീകരിച്ചു. വളർത്തുമൃഗങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന കണ്ണീരാണ് മുണ്ടക്കൈക്ക് ചുറ്റും. മുണ്ടക്കൈയിൽ ഇനി 30 വീടുകൾ മാത്രമാണുള്ളതെന്ന് പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിൻ്റെ രജിസ്റ്ററിൽ 400-ലധികം വീടുകളാണ് ഇവിടെ ഉണ്ടായിരുന്നത്.
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ബെയ്ലി പാലം നിർമിക്കുന്നതിനുള്ള സാധനങ്ങളുമായി പ്രത്യേക വിമാനം രാവിലെ 11ന് കണ്ണൂർ വിമാനത്താവളത്തിലെത്തും. 18 ലോറികളാണ് അവിടെ സജ്ജീകരിച്ചിരിക്കുന്നത്. പിന്നീട് റോഡ് മാർഗം വയനാട്ടിലെത്തിക്കും. ബെയ്ലി പാലത്തിൻ്റെ നിർമാണം രക്ഷാപ്രവർത്തനം വേഗത്തിലാക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. സേനയുടെ 3 കെടാവർ നായ്ക്കളും ഒപ്പമെത്തും.
കൂടാതെ കാലവർഷക്കെടുതികൾ നേരിടാൻ തദ്ദേശസ്ഥാപനങ്ങൾക്ക് തനത് ഫണ്ട് ചെലവഴിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചേക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സ്ഥലം സന്ദർശിക്കും. വയനാട്ടിൽ എത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജും അറിയിച്ചു. 6 മന്ത്രിമാർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് രാഹുലും പ്രിയങ്കയും വയനാട്ടിലേക്കുള്ള യാത്ര റദ്ദാക്കിയിരുന്നു.
ചുരൽമല, മുണ്ടക്കൈ മേഖലകളിൽ സൈന്യത്തിൻ്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതിനിടെ ചാലിയാറിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. 200ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ 98 പേരെ കാണാതായെന്നാണ് സർക്കാരിൻ്റെ ഔദ്യോഗിക കണക്ക്. 4 ഗ്രൂപ്പുകളിലായി 150 സൈനികരാണ് ഇപ്പോൾ ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.
ഏഴിമല നാവിക അക്കാദമിയുടെ 60 സംഘങ്ങൾ രക്ഷാപ്രവർത്തനത്തിനായി ചൂരൽമലയിൽ എത്തിയിട്ടുണ്ട്. ലഫ്റ്റനൻ്റ് കമാൻഡൻ്റ് ആശിർവാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികരും അഞ്ച് ഓഫീസർമാരും ആറ് ഫയർ ഗാർഡുകളും ഒരു ഡോക്ടറുമാണ് സംഘത്തിലുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.