തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ചിന് നേരെ ഉണ്ടായ പോലീസ് നടപടി കാടത്തവും ജനാധിപത്യ വിരുദ്ധവുമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പോലീസിനെ ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും നിരുത്തരവാദപരമായി പെരുമാറിയ പോലീസുകാർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ പി സി സി അധ്യക്ഷൻ ഉൾപ്പടെയുള്ള നേതാക്കൾ വേദിയിൽ ഉള്ളപ്പോൾ ടിയർ ഗ്യാസ് ഉപയോഗിച്ച നടപടി ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മാര്‍ച്ചിനെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പന്തംകൊളുത്തി പ്രകടനം നടത്തും. സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. യൂത്ത് കോൺഗ്രസ് മാര്‍ച്ചിലും കെഎസ്‌യു മാര്‍ച്ചിലും പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് ഇന്ന് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രസംഗിച്ചതിന് പിന്നാലെ കെ സുധാകരൻ പ്രസംഗം തുടങ്ങിയപ്പോഴാണ് പൊലീസ് ടിയര്‍ ഗ്യാസ് പൊട്ടിച്ചത്. സംസ്ഥാന അധ്യക്ഷനടക്കമുള്ള നേതാക്കൾക്ക് ഇതേത്തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









