അനധികൃതമായി പരിഷ്കരിച്ചതും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വളരെയധികം ശ്രദ്ധ നേടിയതുമായ വാഹനത്തിന്റെ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് താൽക്കാലികമായി നിർത്തിവച്ചു. മോട്ടോർ വെഹിക്കിൾസ് ആക്ടിലെ സെക്ഷൻ 53 (1) പ്രകാരമാണ് മൂവാറ്റുപുഴ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ഈ നടപടി സ്വീകരിച്ചത്.
ആറ് മാസം അല്ലെങ്കില്‍ അനധികൃത മാറ്റങ്ങള്‍ ഒഴിവാക്കി വാഹനം പരിശോധനക്ക് ഹാജരാക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. ഈ കാലയളവിൽ വാഹനം പൊതു റോഡുകളിൽ ഉപയോഗിക്കാൻ കഴിയില്ല. ആറ് മാസത്തിനുള്ളിൽ വാഹനത്തിലെ അനധികൃത മാറ്റങ്ങൾ ഇല്ലാതാക്കിയില്ലെങ്കിൽ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 54 പ്രകാരമുള്ള രജിസ്ട്രേഷൻ ശാശ്വതമായി റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ എം.വി.ഡിയുടെ പോസ്റ്റിനു കീഴിൽ പലതരം സംശയങ്ങളും ചോദ്യങ്ങളുമാണ് വാഹനപ്രേമികൾ ഉന്നയിക്കുന്നത്. വാഹനം മോഡിഫൈ ചെയ്യുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന കാലഹരണപ്പെട്ട നിയമമാണെന്നും, അപകടമുണ്ടാക്കാത്ത വിധമുള്ള മോഡിഫിക്കേഷൻ അനുവദിക്കണമെന്നും പലരും ചൂണ്ടിക്കാട്ടുന്നു. വിൻഡോ ഗ്ലാസിൽ കൂളിങ് ഫിലിം ഒട്ടിക്കുന്നത് മുതൽ വേഗത അടക്കമുള്ള കാര്യങ്ങളിൽ പൊതുജനങ്ങൾക്കും രാഷ്ട്രീയക്കാർക്കും രണ്ട് നിയമമാണ് അധികൃതർ നടപ്പിലാക്കുന്നതെന്നും, സർക്കാർ വാഹനങ്ങൾ വരെ നിയമം ലംഘിക്കുന്നത് പതിവാണെന്നുമുള്ള വിമർശനങ്ങളും പലരും ഉന്നയിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.