തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മതമേലധ്യക്ഷന്മാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ക്രൈസ്തവ, മുസ് ലിം, ഹിന്ദു വിഭാഗങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും. മലങ്കര സഭ മേജര്‍ ആര്‍ച്ച് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവ മുന്‍കൈ എടുത്താണ് യോഗം വിളിച്ചത്. ഇന്ന് വൈകീട്ട് 3.30 ക്കാണ് യോഗം.
പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈന് മടവൂര്‍, സൂസപാക്യം തിരുമേനി, ധര്‍മ്മരാജ് റസാലം തിരുമേനി, ബര്‍ണ്ണബാസ് തിരുമേനി തുടങ്ങിയവര്‍ സാമുദായിക നേതാക്കളുടെ പങ്കെടുക്കും.
പാലാ ബിഷപ് നടത്തിയ വിദ്വേഷ പ്രസംഗവും അതിനോട് സര്‍ക്കാര്‍ കാണിക്കുന്ന നിസംഗ സമീപനവും മുസ്ലിം സമൂഹത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പാലാ ബിഷപ് ഹൗസ് സന്ദര്‍ശിച്ച് വിവാദം അടഞ്ഞ അധ്യായമാണെന്ന് മന്ത്രി വി എന്‍ വാസവന് പറഞ്ഞതും ഏറെ വിമര്‍ശനത്തിനിടയാക്കി.
പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കാനായി മതനേതാക്കളുടെ യോഗം വിളിക്കണമെന്ന നിര്‍ദേശം ചാനല്‍ ചര്‍ച്ചയില്‍ ഹുസൈന് മടവൂര്‍ മുന്നോട്ടു വെച്ചിരുന്നു. ഇതിന് ക്ലിമീസ് ബാവ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം നിര്‍ദേശംവെച്ചു. ഈ നിര്‍ദേശം അംഗീകരിച്ച ക്ലിമീസ് ബാവയാണ് വിവിധ വിഭാഗങ്ങളുമായി സംസാരിച്ച് ഇന്ന് യോഗം ചേരാന്‍ ധാരണയായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.