കോഴിക്കോട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ 30 മണിക്കൂർ കഴിഞ്ഞിട്ടും പ്രതി ചെന്താമരയെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
അന്വേഷണം ഊർജിതമായി നടക്കുമ്പോൾ, പ്രതിയിലേക്ക് നയിച്ച ചില സൂചനകൾ പോലീസിന് ലഭിച്ചു. പ്രതിയുടെ മൊബൈല്‍ ഫോണുകളില്‍ ഒന്നിന്റെ സിഗ്നൽ തിരുവമ്പാടിയിൽ കാണിച്ചു. പിന്നീട് ആ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഇതേത്തുടർന്ന്, തിരുവമ്ബാടി പോലീസ് ചെന്താമരയ്ക്കായുള്ള അന്വേഷണം മലയോര മേഖലയായ കൂമ്പാറയിൽ പരിശോധന തുടങ്ങി. ക്വാറി കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.
കൊലപാതകശേഷം ഇയാള്‍ ഓടിപ്പോയി എന്ന് കരുതുന്ന കാട് കേന്ദ്രീകരിച്ചാണ് ഇന്ന് പ്രധാനമായും പോലീസ് തിരച്ചില്‍ നടത്തിയത്. തിങ്കളാഴ്ച രാവിലെ 9.30നാണ് പോത്തുണ്ടി തിരുത്തമ്ബാടം ബോയൻ നഗറില്‍ അപ്പായിയുടെ ഭാര്യ ലക്ഷ്മിയെയും (76) മകൻ സുധാകരനെയും (58) ചെന്താമര കൊലപ്പെടുത്തിയത്. കൊലപാതക സമയത്ത് അയല്പക്കത്ത് മറ്റാരുമുണ്ടായിരുന്നില്ല. അതുവഴി വന്ന നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്നവരെ കണ്ടത്. ലക്ഷ്മിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുധാകരൻ തല്‍ക്ഷണം മരിച്ചിരുന്നു. കൊലപാതകം കഴിഞ്ഞ് ചെന്താമര വീടിനകത്ത് കയറി വെട്ടാനുപയോഗിച്ച വാള് മുറിക്കകത്തുവെച്ച് മുൻവശത്തെ വാതിലടച്ചശേഷം പിന്നിലെ വാതിലിലൂടെ രക്ഷപെടുകയായിരുന്നു. സുധാകരന്റെ ഭാര്യ സജിതയെ 2019ല്‍ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് രണ്ട് മാസം മുൻപ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.