ദുബായ്: വിസാനിയമങ്ങളിൽ സുപ്രധാനമായ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളുമായി യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി). പുതുതായി നാല് സന്ദർശകവിസകൾ ഉൾപ്പെടുത്തിയാണ് ഏറ്റവുംപ്രധാന മാറ്റം. നിർമിതബുദ്ധി (എഐ), വിനോദം, ഇവന്റ്‌സ്, ക്രൂയിസ്ഷിപ്പുകൾ, ആഡംബരബോട്ടുകൾ തുടങ്ങിയ മേഖലകളിലാണ് നാല് പുതിയ സന്ദർശകവിസകൾ യുഎഇ അവതരിപ്പിച്ചത്.ഓരോ വിസാവിഭാഗത്തിന്റെയും താമസകാലാവധിയും അതുനീട്ടാനുള്ള വ്യവസ്ഥകളും വ്യക്തമാക്കുന്ന ഷെഡ്യൂൾ പുറത്തിറക്കിയിട്ടുണ്ട്. യുഎഇയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥയ്ക്കും പ്രത്യേക വൈദഗ്ധ്യമുള്ള പ്രവാസികളെ ആകർഷിക്കുന്നതിനും പുതിയ വിസാനിയമങ്ങൾ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
പുതിയ സന്ദർശകവിസകൾ
എഐ വിദഗ്ധർക്ക് പ്രത്യേക കാലയളവിൽ ഒന്നിലേറെത്തവണ യുഎഇ സന്ദർശനം സാധ്യമാക്കുന്ന സന്ദർശകവിസയാണ് പുതുതായി അവതരിപ്പിച്ചതിലൊന്ന്. വിനോദാവശ്യങ്ങൾക്കായി താത്കാലിക സന്ദർശനത്തിനെത്തുന്ന വിദേശികൾക്കും വിസ ലഭിക്കും. മേള, പ്രദർശനം, കോൺഫറൻസ്, സെമിനാർ, സാമ്പത്തിക-സാംസ്കാരിക-കായിക-വിദ്യാഭ്യാസ പരിപാടികൾ, സമാനമായ മറ്റുപ്രവർത്തനങ്ങൾ എന്നിവയ്ക്കെത്തുന്നവർക്ക് പ്രത്യേക വിസ അനുവദിക്കും. ഇത്തരം സന്ദർശകവിസകളിൽ സ്പോൺസർ പൊതുമേഖലയിലുള്ളവരോ സ്വകാര്യമേഖലയിലുള്ള ഒരു സ്ഥാപനമോ ആയിരിക്കണം. കൂടാതെ, പരിപാടിയുടെ ദൈർഘ്യം ഉൾപ്പെടെയുള്ള വിശദാംശങ്ങളടങ്ങിയ കത്ത് സമർപ്പിക്കണം.
ക്രൂയിസ് കപ്പലുകളിലൂടെയും വിനോദബോട്ടുകളിലൂടെയുമുള്ള വിനോദസഞ്ചാരാവശ്യങ്ങൾക്കായി മൾട്ടിപ്പിൾ എൻട്രി വിസ ലഭിക്കും. എഐ, വിനോദം, ടൂറിസം എന്നീ മേഖലകളിലെ പ്രതിഭകളെയും സംരംഭകരെയും ആകർഷിക്കുകയാണ് പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം. ഇതുകൂടാതെ നിലവിലുള്ള വിസകളിൽ ചില ഭേദഗതികളും വരുത്തിയിട്ടുണ്ട്.ഹ്യൂമാനിറ്റേറിയൻ റെസിഡൻസ് പെർമിറ്റ്: പ്രത്യേക മാനദണ്ഡങ്ങൾപ്രകാരം ഒരുവർഷത്തേക്ക് സാധുതയുള്ള ഹ്യൂമാനിറ്റേറിയൻ റെസിഡൻസ് പെർമിറ്റ് അനുവദിക്കും. ഐസിപിയുടെ തീരുമാനപ്രകാരം ഇതുനീട്ടാനും സാധ്യതയുണ്ട്. യുദ്ധം, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയവയാൽ ബുദ്ധിമുട്ടുന്ന രാജ്യങ്ങളിലുള്ളവർക്ക് സ്പോൺസർ ഇല്ലാതെതന്നെ വിസ നൽകാൻ ഐസിപിക്ക് അധികാരമുണ്ട്.
വിധവ, വിവാഹമോചിത : വിദേശപൗരന്റെ വിധവയ്ക്കോ വിവാഹമോചിതയ്ക്കോ ഒരുവർഷത്തേക്ക് യുഎഇയിൽ താമസാനുമതി ലഭിക്കും. നിശ്ചിതവ്യവസ്ഥകൾക്ക് വിധേയമായി സമാനമായ കാലയളവിലേക്ക് ഇതുപുതുക്കാം.
കുടുംബം, സുഹൃത്തുക്കൾ: കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ യുഎഇയിലേക്ക് കൊണ്ടുവരുന്നവർക്ക് ഉണ്ടായിരിക്കേണ്ട ശന്പളം സംബന്ധിച്ച് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തെ കൊണ്ടുവരാൻ ഒരു വ്യക്തിക്ക് കുറഞ്ഞത് 4000 ദിർഹം (ഏകദേശം 96,655 രൂപ) പ്രതിമാസം ശമ്പളം ഉണ്ടായിരിക്കണം. ബന്ധുക്കളെ കൊണ്ടുവരുന്നവർക്ക് പ്രതിമാസം കുറഞ്ഞത് 8000 ദിർഹവും (ഏകദേശം 1,93,310 രൂപ) സുഹൃത്തുക്കളെ കൊണ്ടുവരുന്നവർക്ക് കുറഞ്ഞത് 15,000 ദിർഹവും (ഏകദേശം 3,62,456 രൂപ) ശമ്പളമുണ്ടായിരിക്കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









