നാഗ്പുരിൽ ദേശീയ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിന് എത്തി, ഭക്ഷ്യവിഷബാധയ്ക്കുള്ള കുത്തിവയ്പിനു പിന്നാലെ വ്യാഴാഴ്ച മരിച്ച അമ്പലപ്പുഴ കാക്കാഴം സ്വദേശിനി ഫാത്തിമ നിദ ഷിഹാബുദ്ദീന്റെ (10) മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. റോഡ് മാര്‍ഗം ആലപ്പുഴ അമ്പലപ്പുഴയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി. പത്തുമണി മുതൽ നിദ പഠിച്ച സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. 11 മണിക്ക് വീട്ടിലെത്തിക്കും.നിദയുടെ മരണം ഇനിയും ടീമിലെ എല്ലാവരെയും അറിയിച്ചിട്ടില്ല. താമസവും ഭക്ഷണവും ഒരുക്കാതെ ദേശീയ ചാംപ്യൻഷിപ് സംഘടിപ്പിച്ച ദേശീയ സൈക്കിൾ പോളോ ഫെഡറേഷനെതിരെയും ചികിത്സപ്പിഴവ് വരുത്തിയ ശ്രീകൃഷ്ണ ആശുപത്രിക്കെതിരെയും ഷിഹാബുദ്ദീൻ പൊലീസിൽ പരാതി നൽകി.മൃതദേഹം എത്തിക്കാനും ആശുപത്രി ചെലവുകൾക്കുമായി കേരള സ്പോർട്സ് കൗൺസിൽ 5 ലക്ഷം രൂപ അനുവദിച്ചതായി നിദയുടെ വീട്ടിലെത്തിയ മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. ചികിത്സപ്പിഴവ് മൂലമാണ് മരണമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും മന്ത്രി വി.അബ്ദുറഹിമാൻ കേന്ദ്ര കായിക മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, കായിക മന്ത്രി എന്നിവർക്കും കത്തയച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









