സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൈക്കൊണ്ട രാത്രികാല യാത്രാ നിയന്ത്രണം, ഞായറാഴ്ചയുള്ള ലോക്ക്ഡൗണ്‍ എന്നിവ തുടരണമെന്ന് ശനിയാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡബ്ല്യുഐപിആര്‍ ഏഴിന് മുകളിലുള്ള വാര്‍ഡുകളിലെ ലോക്ക്ഡൗണ്‍ തുടരാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഇത് സംബന്ധിച്ച് വിശദമായ പരിശോധന ചൊവ്വാഴ്ച നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന സാഹചര്യം മുന്‍കൂട്ടിക്കണ്ട് ബഹുമുഖ പ്രതിരോധ പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഓണക്കാലത്ത് കോവിഡ് കേസുകളില്‍ പ്രതീക്ഷിച്ച വര്‍ധന ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്ന് കരുതി ഈ കാലയളവില്‍ കോവിഡ് കേസുകളിലുണ്ടായ വര്‍ധനവിനെ ചുരുക്കിക്കാണാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്സിനേഷന് ഏതെങ്കിലും തദ്ദേശ സ്വയംഭരണസ്ഥാപന പരിധിയില്‍ കുറഞ്ഞിട്ടുണ്ടെങ്കില്‍ അവിടെ പ്രത്യേക വാക്സിനേഷന് യജ്ഞം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
“അയല്പക്ക നിരീക്ഷണ സമിതി, റാപിഡ് റെസ്പോണ്‍സ് ടീം, വാര്‍ഡ് തല സമിതി, പൊലീസ്, സെക്ടറല്‍ മജിസ്ട്രേറ്റ് ഇവരുടെയെല്ലാം നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി നടക്കുന്ന നിലയുണ്ടാവും. രോഗം വന്നവരുമായി രോഗിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിര്‍ബന്ധമായും ക്വാറന്റൈലിനേര്പ്പെടേണ്ടതുണ്ട്. ഇത് കര്‍ശനമായി നടപ്പാക്കേണ്ടതുണ്ട്. ഈ നിയന്ത്രണം രോഗിയുമായി സമ്ബര്‍ക്ക് പുലര്‍ത്തിയവര്‍ സ്വമേധയാ പാലിക്കണം. അവ ലംഘിച്ചാല്‍ അവരില്‍ നിന്ന് പിഴയീടാക്കുകയും അവരെ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യും, ” മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റൈന് ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
” നിയന്ത്രണങ്ങള്‍ക്കായി പ്രാദേശിക തലത്തില്‍ വാര്‍ഡ് തല സമിതികളുടെ അടക്കം ഇടപെടലുണ്ടാവണം. ഇതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. കുടുംബങ്ങള്‍ ക്വാറന്റൈനില്‍ കഴിയുന്ന സാഹചര്യത്തില്‍ അവര്‍ക്ക് അവശ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കണം , ” മുഖ്യമന്ത്രി പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.