നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് യെമനില്‍ സുപ്രധാന യോഗം.
ദയാധനം നല്കി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്. സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ യെമൻ ഭരണകൂട പ്രതിനിധി, സുപ്രീം കോടതി ജഡ്ജി, കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ എന്നിവർ പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാത്രി വൈകി നടന്ന ചർച്ച ഇന്നു രാവിലെയും തുടരും.
ഹബീബ് അബ്ദുറഹ്മാന് മഷ്ഹൂറിന്റെ നേതൃത്വത്തിലുള്ള ഷെയ്ഖ് ഹബീബ് ഉമറിന്റെ പ്രതിനിധി സംഘം കൊല്ലപ്പെട്ട തലാലിന്റെ നാടായ ഉത്തര യെമനിലെ ദമാറില്‍ തന്നെ തുടരുകയാണ്. ചര്‍ച്ചകള്‍ ആശാവഹമാണെന്നും ഇന്ന് (ചൊവ്വ) സന്തോഷകരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്നും പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചു.
യെമനില്‍ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ അവസാനവട്ട ശ്രമം നടന്നത്. ദയാധനം വാങ്ങി മാപ്പു നല്കാൻ കുടുംബം തയാറായാല്‍ അക്കാര്യം കോടതിയെ അറിയിക്കുകയും വധശിക്ഷ നിർത്തിവയ്ക്കാനുള്ള നടപടിയിലേക്ക് കടക്കുകയും ചെയ്യും. ഇത് സാധ്യമായാല്‍ ദയാധനം നല്കാൻ സാവകാശം ലഭിക്കും. നിമിഷ പ്രിയയുടെ മോചനത്തിന് സഹായകമായ പല കാര്യങ്ങളും യോഗത്തില്‍ ചർച്ചയായിട്ടുണ്ടെന്നാണ് സൂചന.
അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താൻ പരിമിതികളുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
കേസില്‍ സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെങ്കിലും, നിയമപരമായുള്ള തടസ്സങ്ങള്‍ നിലനില്ക്കുന്നു എന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു.
സൗദി അറേബ്യയില്‍ വധശിക്ഷയില്‍ നിന്ന് മോചിതനായ അബ്ദുള്‍ റഹീമിന്റെ കുടുംബവും നിയമസഹായ സമിതി ട്രസ്റ്റും നിമിഷ പ്രിയയുടെ മോചനത്തിനായി സാമ്ബത്തിക സഹായം നല്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
റഹീമിന്റെ മോചനത്തിനായി സമാഹരിച്ച തുകയില്‍ മിച്ചം വന്നത് നിമിഷ പ്രിയക്ക് വേണ്ടി കൈമാറാനാണ് ഇവരുടെ തീരുമാനം. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നല്കാൻ തയ്യാറായാല്‍, ആവശ്യമായ തുക കൈമാറാൻ തങ്ങള്‍ സന്നദ്ധരാണെന്ന് ട്രസ്റ്റ് കണ്‍വീനർ കെ.കെ ആലിക്കുട്ടി വ്യക്തമാക്കി.
വ്യവസായി ബോബി ചെമ്മണൂരും മോചനത്തിനുള്ള ശ്രമം തുടരുന്നുണ്ട്. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് സേവ് നിമിഷപ്രിയ കൗണ്‍സില്‍ നിവേദനം നല്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









