കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന ഏഴു പേര്‍ക്ക് കൂടി നിപ ഇല്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സജ്ജമാക്കിയ ലാബില്‍ നടത്തിയ സാമ്ബിള്‍ പരിശോധനയിലാണ് കണ്ടെത്തിയത്. ഇതോടെ ഐസൊലേഷനിലുള്ള 68 പേര്‍ നെഗറ്റീവായി.
നിപ ആദ്യം സ്ഥിരീകരിച്ച കുട്ടിയുടെ വീടിന്റെ മൂന്നു കിലോമീറ്റര്‍ പരിധി കണ്ടെയ്ന്‍മെന്റ് സോണാണ്. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ പ്രദേശത്തെ മുഴുവന്‍ വാര്‍ഡിലെയും വീടുകളില്‍ സര്‍വേ നടത്തിയിരുന്നു. ഇവിടെ അസ്വാഭാവിക മരണമോ പനിയോ കണ്ടെത്തിയിട്ടില്ല. പനി ലക്ഷണങ്ങളോടെ 89 പേരെ കണ്ടെത്തി. ഇവരുടെ സാമ്ബിളുകള്‍ പരിശോധിക്കാന്‍ രണ്ടു മൊബൈല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രസംഘം സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്.
അതേസമയം, കർശന നിയന്ത്രണമേർപ്പെടുത്തിയ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ബാരിക്കേഡ് വെച്ച് നിയന്ത്രണമേർപ്പെടുത്തിയ പാഴൂർ മേഖലയിലെ പ്രധാന റോഡുകളിലെ പരിശോധന കേന്ദ്രങ്ങളിലെല്ലാമാണ് സിറ്റി പോലീസ് കമ്മീഷണർ എ വി ജോർജ്ജ് നേരിട്ടെത്തിയത്. പോലീസുമായും ആർ.ആർ.ടി അംഗങ്ങളുമായും കമ്മീഷണർ ആശയ വിനിമയം നടത്തി. പ്രദേശത്തെ പോലീസിൻ്റെയും ആർ.ആർ.ടിയുടെയും പ്രവർത്തനത്തിൽ അദ്ദ്ദേഹം തൃപ്തി രേഖപ്പെടുത്തി.
ഡെപ്യൂട്ടി കമ്മീഷണർ സ്വപ്നിൽ മധൂക്കർ മഹാജൻ, മെഡിക്കൽ കോളേജ് സബ്ബ് ഡിവിഷൻ അസിസ്റ്റൻ്റ് കമ്മീഷണർ കെ. സുദർശൻ, മാവൂർ പോലീസ് ഇൻസ്പെക്റ്റർ കെ. വിനോദൻ മാവൂർ പ്രിൻസിപ്പൽ എസ് ഐ വി.ആർ.രേഷ്മ എന്നിവരും സിറ്റി പോലീസ് കമ്മീഷണറെ അനുഗമിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.