ന്യൂഡൽഹി ∙ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ രണ്ട് നിപ്പ വൈറസ് കേസുകൾ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏഷ്യൻ രാജ്യങ്ങൾ കടുത്ത ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നിപ്പ ബാധ മുൻപ് റിപ്പോർട്ട് ചെയ്തിട്ടുള്ള കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ വിമാനത്താവളങ്ങളിൽ ആരോഗ്യ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. തായ്ലൻഡ്, സിംഗപ്പൂർ, ഹോങ്കോങ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വിമാനമിറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കും. ഇന്ത്യയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് സിംഗപ്പൂർ വിമാനത്താവളത്തിൽ താപനില പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.
വവ്വാലുകളിലൂടെയും പന്നികളിലൂടെയും നിപ്പ വൈറസ് മനുഷ്യരിലേക്ക് പകരുന്നതായാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. വവ്വാലുകൾ കടിച്ച പഴങ്ങൾ ഭക്ഷിക്കുന്നതിലൂടെയാണ് പ്രധാനമായും രോഗം മനുഷ്യരിലേക്ക് എത്തുന്നത്. പിന്നീട് രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്കും പടരാൻ സാധ്യതയുണ്ട്.
2025 ഡിസംബർ അവസാനമാണ് ബംഗാളിൽ നിപ്പ സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകരായ രണ്ട് പേർക്കാണ് രോഗബാധ കണ്ടെത്തിയത്. തുടർന്ന് ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന 196 പേരെ നിരീക്ഷണത്തിലാക്കി. പരിശോധനയിൽ എല്ലാവർക്കും നെഗറ്റീവ് ഫലമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേരളത്തിൽ ദശലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ വലിയൊരു വിഭാഗവും പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ്. നിലവിൽ ബംഗാളിലേക്കും തിരിച്ചും ആയിരക്കണക്കിന് തൊഴിലാളികൾ യാത്ര ചെയ്യുന്നതിനാൽ സംസ്ഥാനത്ത് പ്രതിരോധ നടപടികൾ ശക്തമാക്കേണ്ടത് അനിവാര്യമാണ്.
നിപ്പ: മുൻകരുതൽ നിർദേശങ്ങൾ
∙ വൈറസ് ബാധിച്ച വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിലെത്തിയാൽ രോഗം ബാധിക്കാം.
∙ വവ്വാലുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ കള്ള് ശേഖരിക്കുന്നത് ഒഴിവാക്കണം.
∙ വവ്വാൽ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാമ്പഴം തുടങ്ങിയ പഴങ്ങൾ കഴിക്കരുത്.
∙ വീട്ടുമുറ്റത്തോ പറമ്പിലോ വീണുകിടക്കുന്ന പഴങ്ങൾ എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
∙ വവ്വാൽ കടിച്ചെന്നു സംശയിക്കുന്ന പഴങ്ങൾ കഴിക്കാതെ മണ്ണിൽ കുഴിച്ചുമൂടണം.
∙ അത്തരം പഴങ്ങൾ മൃഗങ്ങൾക്കും നൽകാൻ പാടില്ല.
∙ പഴങ്ങൾ കൈകാര്യം ചെയ്ത ശേഷം കൈകൾ നന്നായി കഴുകണം.
∙ വിപണിയിൽ നിന്ന് വാങ്ങുന്ന പഴങ്ങൾ കഴിക്കുന്നത് സുരക്ഷിതമാണ്. മുൻകരുതലായി സോപ്പുവെള്ളത്തിൽ കഴുകിയ ശേഷം ശുദ്ധജലത്തിൽ കഴുകി ഉപയോഗിക്കാം. സോപ്പുവെള്ളം ഉപയോഗിക്കുന്നത് വൈറസ് നശിപ്പിക്കാൻ സഹായകരമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










