ഇടുക്കി: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയ റവന്യൂ വകുപ്പിന്റെ ഉത്തരവിനെതിരെ മുൻ മന്ത്രി എം.എം.മണി. വൻകിടക്കാർ നൽകിയ പട്ടയങ്ങൾ റദ്ദാക്കുന്നതിനൊപ്പം സി.പി.എം ഓഫീസിന് നൽകിയ പട്ടയവും റദ്ദാക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. പാർട്ടി ഓഫീസ് അവിടെ തന്നെ തുടരുമെന്നും അതിൽ തൊടാൻ ആരെയും അനുവദിക്കില്ലെന്നും എംഎം മണി പ്രതികരിച്ചു. പട്ടയമേളയിൽ നൽകിയ പട്ടയങ്ങൾ ഇപ്പോൾ റദ്ദാക്കുന്നത് എന്തുകൊണ്ടാണെന്ന് റവന്യൂ മന്ത്രിയും വകുപ്പും വ്യക്തമാക്കണമെന്ന് ഉടുമ്പൻചോല എം.എൽ.എ. മണി കൂട്ടിച്ചേർത്തു.
ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചാൽ ജനങ്ങൾ തെരുവിലിറങ്ങും. അവർ കോടതിയിൽ പോകട്ടെ അല്ലെങ്കിൽ പ്രതിഷേധിക്കട്ടെ. വിഷയം നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് തീരുമാനം. പട്ടയം വെറുതെ വാങ്ങിയതല്ല ജനം. മേള നടത്തി പണം നൽകിയാണ് പട്ടയങ്ങൾ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പട്ടയങ്ങൾ റദ്ദാക്കിയ രവീന്ദ്രന്റെ തീരുമാനത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവ് സാധാരണക്കാരെ ബാധിച്ചുവെന്നും അവിടെ വമ്പൻമാരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പട്ടയം റദ്ദാക്കണമെന്ന് മാറിമാറി വരുന്ന സർക്കാരുകൾക്ക് ഇതുവരെ തോന്നിയിട്ടില്ല. പരിശോധിക്കേണ്ടതുണ്ടോയെന്നും ഇവരെല്ലാം അന്ന് എവിടെയായിരുന്നെന്നും എംഎം മണി ചോദിച്ചു. ഇക്കാര്യത്തിൽ പാർട്ടി ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പട്ടയം എന്ന് വിളിക്കുന്നതിനോട് യോജിപ്പില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന് പറഞ്ഞു. അര്‍ഹരായവരെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്നതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.