കണ്ണൂർ: അണ്‍ റിസർവ്ഡ് ട്രെയിൻ യാത്രക്കാരുടെ എണ്ണം കേരളത്തില്‍ വർദ്ധിച്ചു വരുന്നതായി റിപ്പോർട്ട്. മൂന്നുവർഷത്തിനിടെ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ അണ്‍റിസർവ്‍ഡ് യാത്രക്കാരുടെ എണ്ണം 40.47 ലക്ഷം കൂടിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ദേശീയപാതയില്‍ റോഡുപണി നടക്കുന്നതിനാല്‍ വേണ്ടിവരുന്ന യാത്രാ ബുദ്ധിമുട്ടുകളും അധിക സമയവുമാണ് യാത്രക്കാർ തീവണ്ടികളിലേക്ക് മാറാൻ പ്രധാന കാരണം.
2021-22 ല്‍ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 8.01 ലക്ഷം ജനറല്‍ ടിക്കറ്റ് യാത്രക്കാരാണ് കയറിയത്. 2022-23 ല്‍ ഇത് 42.85 ലക്ഷമായി. 2023-24 സാമ്ബത്തിക വർഷത്തെ കണക്ക് പ്രകാരം 48.49 ലക്ഷം യാത്രക്കാർ യാത്ര ചെയ്തു. വരുമാനം 2.66 കോടി രൂപയില്‍ നിന്ന് 25.83 കോടി രൂപയായി .
2023-24 വർഷത്തെ കണക്ക് പ്രകാരം കോഴിക്കോട് സ്റ്റേഷനില്‍ 84.29 ലക്ഷം യാത്രക്കാർ കയറി. കാസർകോട് 23.10 ലക്ഷം യാത്രക്കാരും തലശ്ശേരി 37.12 ലക്ഷം പേരും വടകര 38 ലക്ഷം യാത്രക്കാരും ഉണ്ട്.
കടുത്ത അവഗണന
യാത്രാത്തിരക്ക് കണക്കിലെടുത്താല്‍ മെമു സർവീസ് ഏറ്റവും കുറവ് കേരളത്തിലാണ്. പൂർണമായും കേരളത്തിലോടുന്നത് 10 മെമു മാത്രം. തിരുവനന്തപുരം ഡിവിഷനില്‍ ഒൻപതും പാലക്കാട് ഡിവിഷനില്‍ ഒന്നും. നിലവില്‍ ഷൊർണൂർ-മംഗളൂരു 307 കിലോമീറ്റർ റൂട്ടില്‍ മെമു സർവീസ് ഇല്ല. കണ്ണൂർ-മംഗളൂരു (132 കി.മീ.) സെക്ഷനില്‍ രാവിലെയും വൈകീട്ടും ഒരു അണ്‍ഡറിസർവ്ഡ് പാസഞ്ചർ മാത്രം. ഷൊർണൂർ-കണ്ണൂർ അണ്‍റിസർവ്ഡ് വണ്ടി (06031) കാസർകോട്ടേക്ക് നീട്ടിയില്ല.
ആളില്ലാതെ കാലിയായി ഓടുന്ന എക്സ്‌പ്രസ് (പഴയ പാസഞ്ചർ) വണ്ടികളും ഒട്ടേറെയുണ്ട്. ഷൊർണൂർ-കോഴിക്കോട് എക്സ്‌പ്രസ് (06455), മംഗളൂരു-കോഴിക്കോട് എക്സ്‌പ്രസ് (16610) എന്നിവ അടക്കം സമയക്രമീകരണം നടത്തി ഓടിച്ചാല്‍ ആയിരക്കണക്കിന് യാത്രക്കാർക്ക് ഉപകാരമാകും.
ദേശീയപാതയുടെ പണി നടക്കുന്നതിനാല്‍ ബസ് യാത്രയ്ക്ക് വളരെ സമയം വേണ്ടിവരുന്നു. കോഴിക്കോട്-കണ്ണൂർ ബസ് യാത്രയ്ക്ക് മൂന്നരമണിക്കൂർവരെ വേണം. എക്‌സപ്രസ് തീവണ്ടിയില്‍ ഒന്നരമണിക്കൂർ മതി. കേരളത്തില്‍ ഏറ്റവും കുറവ് പാസഞ്ചർ വണ്ടികള്‍ ഓടുന്ന ഉത്തരമലബാറിലാണ് സ്ഥിതി രൂക്ഷം. ഒന്നിച്ച് കുറെ തീവണ്ടികള്‍. പിന്നെ മണിക്കൂറുകളോളം ഒരു വണ്ടിയുമില്ലാത്ത അവസ്ഥ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.