കൊച്ചി: ഉള്ളി വില കുതിച്ചുയരുന്നു, കേന്ദ്രസർക്കാർ ആശങ്കയിൽ. ഇപ്പോൾ തന്നെ കുതിച്ചുയരുന്ന വില ദീപാവലി പ്രമാണിച്ച് ഇനിയും ഉയരുമെന്ന ആശങ്കയിലാണ് സർക്കാർ. ഉൽസവ കാലത്ത് ഉള്ളിവില ഉയരുന്നത് ജനരോഷത്തിന് വഴിവെക്കുമെന്നതിൽ സംശയമില്ല.
ചില്ലറ വിപണിയിൽ ഉള്ളിയുടെ വില ഇപ്പോൾ കിലോയ്ക്ക് 60 മുതൽ 80 രൂപ വരെയാണ്. ദീപാവലി വരെ വില ഉയർന്ന നിലയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രധാന ഉള്ളി ഉത്പാദക സംസ്ഥാനങ്ങളിലെ കനത്ത മഴയാണ് വില വർധനവിന് പിന്നിലെ പ്രധാന കാരണം. മഴയെത്തുടർന്നുണ്ടായ വിളനാശവും വിതരണം തടസ്സപ്പെട്ടതുമാണ് വിലക്കയറ്റത്തിന് കാരണമായത്. ഉള്ളിക്ക് പുറമെ തക്കാളി, ഭക്ഷ്യ എണ്ണ എന്നിവയുടെ വിലയും വർധിച്ചിട്ടുണ്ട്. ഒമ്പത് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇവയുടെ വില.
നാസിക്കിലെ ലാസൽഗാവ് മൊത്തവ്യാപാര വിപണിയിൽ കഴിഞ്ഞ ഒരു മാസമായി ഉള്ളി വില കിലോയ്ക്ക് 45-50 രൂപയിൽ തുടരുകയാണ്. ഖാരിഫ് വിളവെടുപ്പോടെ ഉള്ളിവില കുറയുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കനത്ത മഴ വിളവിനെ പ്രതികൂലമായി ബാധിച്ചു. വെള്ളക്കെട്ട് കാരണം വിളവെടുപ്പ് 10 മുതൽ 15 ദിവസം വരെ വൈകുന്നത് വിപണിയിൽ വില സമ്മർദ്ദം കൂട്ടുന്നു.
അതേസമയം, വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ബഫർ സ്റ്റോക്കിൽ നിന്ന് ഉള്ളിയുടെ ചില്ലറ വിൽപ്പന ആരംഭിച്ചു. കൂടാതെ, ഗതാഗതച്ചെലവ് കുറയ്ക്കുന്നതിനും ഉത്തരേന്ത്യയിൽ ലഭ്യത വർദ്ധിപ്പിക്കുന്നതിനുമായി നാസിക്കിനും ഡൽഹിക്കും ഇടയിൽ ഉള്ളി കൊണ്ടുപോകുന്നതിനുള്ള ഒരു ട്രെയിൻ സർവീസും ആരംഭിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് കുർണൂലിലും തെലങ്കാനയിലും ആന്ധ്രയിലും ഉള്ളി ഗുണനിലവാരം കുറഞ്ഞു. രണ്ട് മാസത്തെ സ്ഥിരതയ്ക്ക് ശേഷം ഭക്ഷ്യ എണ്ണയുടെ വില വർധിച്ച് പ്രതിസന്ധി സൃഷ്ടിക്കാൻ തുടങ്ങിയിട്ടുണ്ട്. സർക്കാർ ഇറക്കുമതി തീരുവ വർധിപ്പിച്ചതും ആഗോളതലത്തിൽ പാമോയിൽ വില വർധിച്ചതുമാണ് ആഭ്യന്തര വിപണിയിൽ പാമോയിൽ വില ഉയരാൻ കാരണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.