മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ 3 പ്രതികൾ കുറ്റക്കാരെന്നു കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതി കണ്ടെത്തി. 88ാം പ്രതി ചാലാട് പന്നേൻപാറ ചാത്തോത്ത് ഹൗസിൽ സി.ദീപക്, 80ാം പ്രതി സി.ഒ.ടി.നസീർ, 99ാം പ്രതി ബിജു പറമ്പത്ത് എന്നിവരെയാണു അസി. സെഷൻസ് ജഡ്ജി രാജീവൻ വാച്ചാൽ കുറ്റക്കാരെന്നു കണ്ടെത്തിയത്. ഗൂഢാലോചനയും വധശ്രമവും തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല. ദീപക്കിന് 3 വർഷം തടവും 10, 000 രൂപ പിഴയും നസീറിനും ബിജുവിനും 2 വർഷം വീതം തടവും 10,000 രൂപ പിഴയുമാണു ശിക്ഷ.
പൊതുമുതൽ നശിപ്പിക്കുന്നതിന് എതിരെയുള്ള നിയമ പ്രകാരമാണു 3 പേരെയും കുറ്റക്കാരാണെന്നു കണ്ടെത്തിയത്. ഇതിനു പുറമേ, ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞു പരുക്കേൽപിച്ച സി.ദീപക് അപകടകരമായ ആയുധങ്ങളുപയോഗിച്ചു ബോധപൂർവം പരുക്കേൽപിക്കൽ എന്ന കുറ്റം ചെയ്തതായും കോടതി കണ്ടെത്തി.
2013 ഒക്ടോബർ 27നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സോളർ കേസ് വിവാദങ്ങൾക്കിടെ, സംസ്ഥാന പൊലീസ് കായികമേളയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞും മറ്റും വധിക്കാൻ ശ്രമിച്ചെന്നാണു കേസ്. ഉമ്മൻചാണ്ടിയുടെ നെറ്റിയിലും നെഞ്ചിലുമാണു പരുക്കേറ്റത്. കേസിൽ ആകെ 114 പ്രതികളാണുള്ളത്. ഇതിൽ 4 പേർ മരിച്ചു. മുൻ എംഎൽഎമാരായ സി.കൃഷ്ണൻ, കെ.കെ.നാരായണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ബിജു കണ്ടക്കൈ തുടങ്ങിയ സിപിഎം നേതാക്കളടക്കമുള്ള 107 പ്രതികളെയാണു തെളിവില്ലാത്തതിനാൽ വിട്ടയച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









