തിരുവനന്തപുരം ∙ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ശോഭാ സുരേന്ദ്രനെ പരിഗണിച്ചേക്കും. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവച്ചതിനാൽ ശോഭ പാലക്കാട് മത്സരിപ്പിക്കാനാണ് നീക്കം . കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിർണായകമാണ്. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ടുവിഹിതം വർധിപ്പിച്ചത് ശോഭയ്ക്ക് കരുത്താണ്. സി.കൃഷ്ണകുമാറും ബിജെപി പരിഗണനാ പട്ടികയിലുണ്ട്.
ഇത്തവണ ശോഭ മത്സരിച്ചാൽ മണ്ഡലം പിടിക്കാനാകുമെന്ന് കരുതുന്നവർ പാർട്ടിയിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ നേട്ടം ഊർജമാകുമെന്നാണു പ്രതീക്ഷ. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ശക്തമായ പോരാട്ടമാണ് ശോഭ നടത്തിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലായിരുന്നു മത്സരം. ശബരിമല വിഷയം കത്തിനിൽക്കുന്ന കാലമായതിനാൽ വോട്ടുവിഹിതത്തിലും വർധനയുണ്ടായി. മുൻ തിരഞ്ഞെടുപ്പിൽ എസ്.ഗിരിജകുമാരി നേടിയ 90528 വോട്ടുകൾ ശോഭ 248081 വോട്ടായി ഉയർത്തി.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലാണ് ശോഭയെ പാർട്ടി നിയോഗിച്ചത്. മുൻ തിരഞ്ഞെടുപ്പിൽ കെ.എസ്.രാധാകൃഷ്ണൻ നേടിയ 1.87 ലക്ഷം വോട്ട് ശോഭ 2.99 ലക്ഷത്തിനു മുകളിലെത്തിച്ചു. എൻഡിഎയ്ക്ക് വലിയ സ്വാധീനമില്ലെന്ന് കരുതിയ മണ്ഡലത്തിൽ എതിരാളികളെ ഞെട്ടിച്ചു. വോട്ടുവിഹിതം 17.24 ശതമാനത്തിൽനിന്ന് 28.3 ശതമാനമായി. പാലക്കാട്ടും ശോഭയ്ക്ക് മുന്നേറ്റം സാധ്യമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.