പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ തുമ്പമണ്‍ നോര്‍ത്ത് ഹൈസ്കൂളിലെ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം സ്വദേശിനി അനുജ രവീന്ദ്രന്(37), സ്വകാര്യ ബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിം മന്‍സിലില്‍ ഹാഷിം(31) എന്നിവരാണ് മരിച്ചത്.
അനുജയും ഹാഷിമും അടുത്തസുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം. ഹാഷിമും അനുജയും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് പിന്നീട് കുടുംബപ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.
അനുജയും ഹാഷിമും സഞ്ചരിച്ചിരുന്ന കാര്‍ പത്തനാപുരം ഭാഗത്തുനിന്നാണ് വന്നത്. ഈ കാര്‍, എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ലോറിയിലേക്ക് അമിതവേഗത്തില്‍ ഇടിച്ചു കയറ്റുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നത് ഹാഷിം ആയിരുന്നു. മുന്‍സീറ്റില്‍ ഇരുന്നിരുന്ന അനുജ, ഇടിയുടെ ആഘാതത്തില്‍ പിന്‍സീറ്റിലേക്ക് തെറിച്ചുവീണു.
അതെ സമയം സ്കൂളിലെ അധ്യാപകരുമൊത്ത് തിരുവനന്തപുരത്തുനിന്ന് വിനോദയാത്ര കഴിഞ്ഞുവന്ന അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അനുജയും സംഘവും വന്ന വാഹനത്തിന് പിന്നാലെ ഹാഷിം കാറുമായി എത്തുകയായിരുന്നു. പത്തനംതിട്ട-കൊല്ലം ജില്ലാ അതിര്‍ത്തിയായ ഏനാത്തുവെച്ച് അധ്യാപകസംഘത്തിന്റെ വാഹനത്തിന് കുറുകേ നിര്‍ത്തി. വാഹനത്തിന്റെ വാതിലില്‍ തട്ടി അനുജയെ പുറത്തേക്ക് വിളിച്ചിറക്കി. ആരാണെന്ന് സഹഅധ്യാപകര്‍ ചോദിച്ചപ്പോള്‍ കൊച്ചച്ചന്റെ മകന് ആണെന്നായിരുന്നു അനുജയുടെ മറുപടി. വീട്ടിലേക്ക് എത്തിക്കോളാം എന്നും പറഞ്ഞു. തുടര്‍ന്ന് സഹഅധ്യാപകര്‍ അനുജയുടെ ഭര്‍ത്താവിനേയും അച്ഛനേയും വിവരം അറിയിച്ചു. ആ സമയത്താണ് അപകടവിവരം അറിയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.