തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകല്‍ മറ്റൊരു അരും കൊല. തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റിനെ മാരകായുധവുമായി എത്തിയ അക്രമി വെട്ടിക്കൊലപ്പെടുത്തി. നാഗര്‍കോവില്‍ സ്വദേശിയായ അയ്യപ്പനാണ് കൊല്ലപ്പെട്ടത്. ഹോട്ടല്‍ റിസപ്ഷനിലെ കസേരയില്‍ ഇരിക്കുകയായിരുന്നു അയ്യപ്പന്. ഈ സമയം ബൈക്കിലെത്തിയ ആള് ഹോട്ടലിലേക്ക് കടന്ന് വന്ന് കഴുത്ത് പിടിച്ചുവെച്ച് കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ബൈക്ക് ഹോട്ടലിന് പുറത്ത് വെച്ച ശേഷം വെട്ടുകത്തിയുമായി അക്രമി അകത്തേക്ക് പ്രവേശിച്ച് കഴുത്ത് പിടിച്ചുവെച്ച് ആവര്‍ത്തിച്ച് വെട്ടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മരണം ഉറപ്പാക്കിയ ശേഷം പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവം നടക്കുന്ന സമയത്ത് അയ്യപ്പനും റൂം ബോയ് ആയി ജോലി നോക്കുന്ന മറ്റൊരു ജീവനക്കാരനും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. എന്തെങ്കിലും പ്രശ്മുള്ളതായി അയ്യപ്പന് പറഞ്ഞിരുന്നില്ലെന്നും അത്തരത്തിലൊന്നും തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും ഹോട്ടല്‍ ഉടമ പറയുന്നു. ഹോട്ടല്‍ ഉടമകളുടെ അകന്ന ബന്ധു കൂടിയാണ് അയ്യപ്പന്. മൂന്ന് വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്യുന്നയാളാണ് അയ്യപ്പന് .അതേസമയം പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.