മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ രണ്ടാം വാർഡില്‍പെട്ട പെൻഷൻ ഗുണഭോക്താക്കള്‍ക്ക് വീടുകളിലെത്തി പെൻഷൻ മസ്റ്ററിംഗ് ചെയ്ത് കൊടുത്ത് വാർഡ് മെമ്ബറുടെ മാതൃക. രണ്ടാം വാർഡ് മെമ്ബർ വി. ഷംലൂലത്തിന്‍റെ നേതൃത്വത്തിലാണ് സാമൂഹ്യ സുരക്ഷ – ക്ഷേമനിധി പെൻഷനുകള്‍ വാങ്ങുന്നവർക്കായി ചെറുവാടി അക്ഷയ സെന്‍ററിന്‍റെ സഹകരണത്തോടെ മസ്റ്ററിംഗ് സൗകര്യമൊരുക്കിയത്.
നിലവില്‍ കൊടിയത്തൂരില്‍ അക്ഷയ സെന്‍റർ ഇല്ലാത്തതിനാല്‍ ചെറുവാടി – നെല്ലിക്കാപറമ്ബ് തുടങ്ങിയ അക്ഷയ സെന്‍ററുകളിലെത്തി ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. എന്നാല്‍ വീടുകളിലെത്തി മസ്റ്ററിംഗ് ചെയ്ത് നല്‍കിയതോടെ ഭിന്നശേഷിക്കാർ, കിടപ്പു രോഗികള്‍, വയോധികർ തുടങ്ങി വിവിധ കാരണങ്ങള്‍ കൊണ്ട് വീടിന് പുറത്തിറങ്ങാൻ പറ്റാത്തവർ ഉള്‍പ്പെടെ മുഴുവൻ പെൻഷൻ ഗുണഭോക്താക്കള്‍ക്കും വലിയ ആശ്വാസമായി.
2024 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ലഭിക്കുന്ന എല്ലാ ഗുണഭോക്താക്കളും വാർഷിക മാസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതുണ്ടെന്ന സർക്കാർ ഉത്തരവ് ഗുണഭോക്താതാക്കള്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരുന്നത്.
വീട്ടില്‍ നിന്ന് പുറത്തിറങ്ങാൻ പോലും പറ്റാത്തവർക്ക് അക്ഷയ കേന്ദ്രങ്ങളില്‍ പോയി മസ്റ്ററിംഗ് നടത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇങ്ങനെ പ്രയാസപ്പെടുന്ന അവസ്ഥയിലാണ് തന്‍റെ വാർഡിലെ ഗുണഭോക്താക്കള്‍ക്കായി വീടുകളിലെത്തി മസ്റ്ററിംഗ് സൗകര്യമൊരുക്കിയതെന്ന് വാർഡ് മെമ്ബർ വി. ഷംലൂലത്ത് പറഞ്ഞു.
നിലവില്‍ 80 ശതമാനം പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്. ബാക്കിയുള്ളവരുടേത് വരും ദിവസം ഗുണഭോക്താക്കളുടെ വീട്ടിലേക്ക് നേരിട്ട് എത്തി തന്നെ പൂർത്തിയാക്കുമെന്നും ഷംലൂലത്ത് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










