തിരുവനന്തപുരം: അധികാര ദുർവിനിയോഗത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിച്ച് സർക്കാരിൽ തൂങ്ങിക്കിടക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കത്തിനേറ്റ കനത്ത പ്രഹരമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ..
രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിർണായക സ്വാധീനമായി വിധി മാറുമെന്നും അദ്ദേഹം പറഞ്ഞു. എതിർ ശബ്ദങ്ങളെ അടിച്ചമർത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും എന്നേക്കുമായി മുന്നോട്ടു പോകാനാവില്ല. തെരഞ്ഞെടുപ്പു ഘട്ടത്തിൽ തന്നെ പ്രതിപക്ഷ മുഖ്യമന്ത്രിയെ തുറുങ്കിലടച്ച് അദ്ദേഹത്തിൻ്റെ ശബ്ദം അടിച്ചമർത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെയാണ് ബിജെപി സർക്കാർ കുഴിച്ചു മൂടാൻ നോക്കിയത്. അതെ സമയം അരവിന്ദ് കെജ്‌രിവാളിന് ജയിൽ മോചിതനായി ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ കൂടുതൽ ഊർജ്ജസ്വലമായി മുന്നേറാൻ സാധിക്കട്ടെ എന്നാശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










