വയനാട്ടിൽ തുടർച്ചയായി വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായിട്ടും വനംവകുപ്പ് നടപടിയെടുക്കാത്തതിൽ ജനരോഷം. കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടിക്കൊന്ന പാക്തം സ്വദേശി പോളിൻ്റെ മൃതദേഹവുമായി പുൽപള്ളിയിൽ മണിക്കൂറുകളോളം ജനക്കൂട്ടം പ്രതിഷേധിച്ചു. പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയതോടെ പുൽപ്പള്ളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പ്രതിഷേധക്കാര്‍ വനംവകുപ്പിന്‍റെ ജീപ്പ് തടഞ്ഞു. വാഹനത്തിന് മുകളിൽ വനം വകുപ്പിന് റീത്ത് വച്ചു. ടയറിന്‍റെ കാറ്റഴിച്ചു വിട്ടു. റൂഫ് വലിച്ചു കീറി. കേണിച്ചിറയിൽ കടുവ പിടിച്ച പശുവിന്‍റെ ജഡം ജീപ്പിന് മുകളിൽ കെട്ടിവച്ചു. പൊലീസ് വാഹനവും തടഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പോളിന്റെ ആശ്രിതർക്ക് സർക്കാർ ജോലി, അർഹമായ ധനസഹായം എന്നിവ ഉറപ്പാക്കണം എന്നാണ് ആവശ്യം. ശുപാർശ പറ്റില്ലെന്നും ഉറപ്പ് വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. വ്യക്തമായ ഉറപ്പ് കിട്ടാതെ പിന്നോട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. മൃതദേഹവുമായി പ്രതിഷേധിക്കുന്ന സ്ഥലത്ത് എത്തിയ എംഎൽഎമാർക്ക് നേരെ ജനം കുപ്പിയെറിഞ്ഞു. തടയാൻ ശ്രമിച്ച പൊലീസിന് നേരെ കല്ലും കസേരയുമെറിഞ്ഞു. പിന്നാലെ പൊലീസ് ലാത്തിചാർജ് നടത്തി.അതേസമയം, തങ്ങളെ അറിയിക്കാതെയാണ് മൃതദേഹവുമായി പ്രതിഷേധം നടത്തിയതെന്ന ആരോപണവുമായി പോളിന്റെ ബന്ധുക്കൾ രംഗത്തി. നടക്കുന്നത് രാഷ്ട്രീയ നാടകമാണെന്നും അഞ്ച് കിലോമീറ്റര്‍ ദൂരം പിന്നിട്ട് വീട്ടില്‍ എത്തിക്കാവുന്ന മൃതദേഹം 15 കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചാണ് വീട്ടില്‍ എത്തിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










