കോട്ടയം: വഴിയോര പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച പോലീസുകാരന് സസ്‌പെൻഷൻ. ഇടുക്കി എആർ ക്യാമ്പിലെ പൊലീസുകാരൻ പി വി ഷിഹാബിനെയാണ് സസ്പെൻഡ് ചെയ്തത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടേതാണ് നടപടി. പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പോലീസുകാരൻ മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയിൽ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിർത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു. യൂണിഫോമിലെത്തിയാണ് ഷിഹാബ് മോഷണം നടത്തിയത്.
രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം കവർച്ച ചെയ്യപ്പെട്ടതായി മനസിലാകുന്നത്. പിന്നാലെ ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട ഉടമ നാസർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കടയ്ക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്. ഇടുക്കി പോലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കൽ കോളേജിൽ ആയിരുന്നു അന്നേ ദിവസം ഡ്യൂട്ടി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസുകാരൻ പിടിക്കപ്പെട്ടത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. പോലീസുകാരന്റെ നടപടി സേനയ്ക്ക് നാണക്കേടാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









