കോട്ടയം: പക്ഷിപ്പനി നിരോധനം പിൻവലിച്ചതിനെത്തുടർന്ന് താറാവുകള്‍ക്കുള്ള പ്രതിരോധവാക്‌സിൻ ഉത്പാദനം വീണ്ടും ആരംഭിച്ചു.
പാലോടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കല്‍സിലാണ് വാക്സിൻ ഉത്പാദിപ്പിക്കുന്നത്. ഡക്ക് പ്ലേഗ്, പാസ്റ്ററല്ല തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിരോധവാക്സിന്റെ ഉത്‌പാദനമാണ് തുടങ്ങിയത്. ഡക്ക് പ്ലേഗിന് 20 ലക്ഷം ഡോസും പാസ്‌റ്ററല്ലയ്‌ക്ക് 12 ലക്ഷം ഡോസുമാണ് ഇവിടെ ഉത്‌പാദിപ്പിക്കുന്നത്. അടുത്ത മാസത്തോടെ മൃഗാശുപത്രികള്‍ വഴി കർഷകരിലേക്ക് എത്തിക്കാനാണ് പദ്ധതി.
വാക്‌സിൻ ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ്. അഞ്ച് ഘട്ടങ്ങളിലായി താറാവിൻ കുഞ്ഞുങ്ങളില്‍ പരീക്ഷിച്ച് ഫലം ഉറപ്പാക്കിയ ശേഷമേ വിതരണത്തിനെത്തിക്കൂ. പക്ഷിപ്പനി വ്യാപനത്തെത്തുടർന്ന് 2024 മേയിലാണ് ആലപ്പുഴ ജില്ലയിലും കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി, തിരുവല്ല താലൂക്കുകളിലും താറാവ് വളർത്തല്‍ നിരോധിച്ചത്. ഡിസംബർ 31 വരെയായായിരുന്നു ഇത്. ജില്ലാ മൃഗാശുപത്രികളില്‍ നിന്ന് കണക്ക് ശേഖരിച്ച ശേഷമാണ് വാക്‌സിൻ ഉത്‌പാദനം തുടങ്ങിയത്. 2019-ലെ സെൻസസ് പ്രകാരം സംസ്‌ഥാനത്ത് 17.76 ലക്ഷം താറാവുകളുണ്ട്.
45 ദിവസം ആകുമ്ബോഴാണ് താറാവിൻ കുഞ്ഞുങ്ങള്‍ക്ക് വാക്‌സിൻ കൊടുത്തു തുടങ്ങേണ്ടത്. വാക്സിൻ നിശ്ചിത ദിവസം മാത്രമേ സൂക്ഷിക്കാൻ കഴിയൂ. സമയപരിധി കഴിഞ്ഞാല്‍ വാക്സിൻ ഉപയോഗിക്കാനാകില്ല. മാർച്ചില്‍ നിരോധനം പിൻവലിച്ചു. നിരോധനം ഒഴിവാക്കിയ ശേഷം താറാവ് വളർത്തല്‍ പുനരാരംഭിച്ചപ്പോള്‍ വാക്സിൻ കിട്ടാതെ കർഷകർ പ്രതിസന്ധിയിലായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










