തിരുവനന്തപുരം : വയനാട്ടിൽ ആഞ്ഞടിച്ചു പ്രിയങ്ക ഗാന്ധി. ചേലക്കരയിൽ യു ആർ പ്രദീപ്, പാലക്കാട് ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ ഫലം പുറത്ത് വരുമ്പോൾ പാലക്കാട് മാത്രമാണ് നിലവിൽ ലീഡ് നില മാറി മറിഞ്ഞ സാഹചര്യമുണ്ടായത്. 11 മണിയോടെ വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഒന്നര ലക്ഷത്തിലേക്ക് ലീഡ് പിടിച്ച് മുന്നേറ്റം തുടരുകയാണ്. ചേലക്കരയിൽ യു ആർ പ്രദീപ് എട്ടായിരത്തിന് മുകളിൽ ലീഡ് നിലനിർത്തുന്നു. പാലക്കാട് നിലവിൽ 1388 വോട്ടുകൾക്ക് രാഹുൽ മുന്നിലാണ്.
പാലക്കാട് മണ്ഡലത്തിൽ പോസ്റ്റൽ വോട്ടുകളിലും ആദ്യ റൌണ്ടിലും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലായിരുന്നു. ബിജെപിക്ക് മുൻതൂക്കമുളള നഗരസഭയിലെ വോട്ടുകളാണ് ആദ്യമെണ്ണിയത്. ആദ്യ റൌണ്ട് ബിജെപി മുന്നേറ്റമുണ്ടാക്കിയെങ്കിലും രണ്ടാം റൌണ്ടിൽ യുഡിഎഫ് ലീഡ് തിരിച്ച് പിടിച്ചു. പിന്നീട് ഈ മുന്നേറ്റം തുടർന്ന യുഡിഎഫിന് അഞ്ചാം റൌണ്ടിൽ തിരിച്ചടിയുണ്ടായെങ്കിലും ഏഴാം റൌണ്ടിൽ വീണ്ടും ലീഡ് തിരിച്ച് പിടിച്ചു. പാലക്കാട് നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വലിയ തോതിൽ വോട്ട് കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ. ശ്രീധരനുണ്ടാക്കിയ നേട്ടമുണ്ടാക്കാൻ സി കൃഷ്ണകുമാറിന് സാധിച്ചില്ല. നഗരസഭയിൽ ഇത്തവണ ബിജെപിക്ക് കുറഞ്ഞ വോട്ടുകൾ, കോൺഗ്രസിലേക്കാണ് വോട്ട് ചോർന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ 430 വോട്ട് നഗരസഭയിൽ കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന് 111 വോട്ടും വർധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.