മുക്കം: മഴ വീണ്ടും ശക്തമായതോടെ കെടുതികളും രൂക്ഷമായി. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന മഴ രണ്ട് ദിവസം മുമ്ബാണ് വലിയ രീതിയില്‍ ശക്തി പ്രാപിച്ചത്. ഇത് ജനജീവിതത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. മലയോര മേഖലയില്‍ പലയിടങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.
ഇരുവഞ്ഞിപ്പുഴയും ചാലിയാറും നിറഞ്ഞ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി കഴിഞ്ഞു. തീരദേശവാസികളോട് ജാഗ്രത പാലിക്കാൻ മുക്കം നഗരസഭ ചെയർമാർ പി.ടി ബാബു, കാരശേരി പഞ്ചായത്ത് പ്രസിഡന്‍റ് സുനിത രാജൻ, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഷിബു എന്നിവർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജില്ലയിലെ കിഴക്കൻ മലയോര മേഖലയില്‍ ഖനന പ്രവർത്തനങ്ങള്‍ക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതികള്‍ നേരിടാൻ തദ്ദേശസ്ഥാപനങ്ങള്‍, റവന്യൂ ഫയർഫോഴ്സ് പോലെയുള്ള സംവിധാനങ്ങളും ആവശ്യമായ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്.
ഇതിന്‍റെ ഭാഗമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഉള്ള സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. മലയോരത്തെ താഴ്ന്ന പ്രദേശങ്ങളായ ചേന്ദമംഗല്ലൂർ മംഗലശേരി വയല്‍ റോഡ്, പുല്‍പറമ്ബ്- നായർ കുഴി റോഡ്, കുമാരനെല്ലൂർ ഗ്രൗണ്ട്, ചോണാട് റോഡ്, ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയം, കാരക്കുറ്റി ഇതിഹാസ് ഗ്രൗണ്ട് എന്നിവയെല്ലാം വെള്ളത്തിനടിയിലായി. വെള്ളം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ തീരപ്രദേശങ്ങളിലുള്ളവരും വലിയ ഭീതിയിലാണ്. മുൻ വർഷങ്ങളിലെല്ലാം ഏക്കർ കണക്കിന് ഭൂമി പുഴയെടുത്തിരുന്നു.
ഇതോടെ നിരവധി വീടുകളും ഭീഷണിയിലായതിനൊപ്പം ഏക്കർ കണക്കിന് കൃഷി ഭൂമിയും നഷ്ടമായ അവസ്ഥയിലാണ്. ഈ വർഷം മൂന്ന് തവണ വെള്ളം കയറിയതോടെ ജില്ലയുടെ കിഴക്കൻ മേഖലയില്‍ വലിയ രീതിയിലാണ് കൃഷി നശിച്ചത്. മാവൂർ, ചാത്തമംഗലം, കൊടിയത്തൂർ, കാരശേരി പഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമായി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










