വാട്ടർ തീം പാർക്കിൽ വെള്ളത്തിലിറങ്ങിയവർ പനി വിട്ട് മാറിയിട്ടില്ലെങ്കിൽ തുടർ ചികിത്സ
അതിരപ്പിള്ളിയിലെ വാട്ടർ തീം പാർക്ക് താൽക്കാലികമായി അടച്ചുപൂട്ടാൻ ആരോഗ്യമന്ത്രി ഉത്തരവിട്ടു. പാർക്കിൽ കുളിക്കാനിറങ്ങിയ നിരവധി വിദ്യാർഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പാർക്കിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് നടപടി. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി.
കഴിഞ്ഞ മാസം 17നാണ് ചാലക്കുടിയിലെ വാട്ടർ തീം പാർക്കിലേക്ക് വിദ്യാർഥികൾ വിനോദയാത്ര പോയിരുന്നത്. യാത്ര കഴിഞ്ഞ് പനിയും വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ട വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഏതാനും വിദ്യാർഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. ആലുവയിലെയും എറണാകുളത്തെയും വിവിധ സ്‌കൂളുകളിലെ നിരവധി വിദ്യാർത്ഥികളാണ് ചികിത്സയിൽ.
ആലുവയിൽ മാത്രം പത്തിലധികം വിദ്യാർഥികൾ ചികിത്സയിലാണ്. ഇതിൽ രണ്ടുപേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. അഞ്ച് പേരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്. വാട്ടർ തീം പാർക്കിൽ വെള്ളത്തിലിറങ്ങിയവർ പനി കുറഞ്ഞില്ലെങ്കിൽ തുടർ ചികിത്സ തേടണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









