കൊച്ചി: യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് 5.23 ലക്ഷം രൂപ വഞ്ചിച്ച കേസിൽ റിക്രൂട്ട്മെന്റ് ഏജൻസി ഉടമ അറസ്റ്റിൽ. പുല്ലേപ്പടിക്കു സമീപം ടേക്ക് ഓഫ് ഓവർസീസ് എജുക്കേഷണല്‍ കണ്‍സള്‍ട്ടൻസി എന്ന സ്ഥാപനം നടത്തുന്ന കാർത്തികയെയാണ് സെൻട്രല്‍ പോലീസ് കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശിനിയായ ഇവർ തൃശ്ശൂരിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
തൃശ്ശൂർ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. യുകെയിൽ ഒരു സാമൂഹിക പ്രവർത്തക ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പല തവണകളായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. 2024 ഓഗസ്റ്റ് 26 നും ഡിസംബർ 14 നും ഇടയിൽ പരാതിക്കാരി ബാങ്ക് അക്കൗണ്ട് വഴിയും ഓൺലൈൻ ഇടപാടുകൾ വഴിയും പണം നൽകി.
എറണാകുളത്തിന് പുറമെ, തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതികളുണ്ട്. വിദേശ മന്ത്രാലയത്തിന് കീഴിലുള്ള പ്രൊട്ടക്ടർ ഓഫ് ഇമിഗ്രേഷൻസ്, ആളുകളെ വിദേശത്തേക്ക് കൊണ്ടുപോകാൻ ആവശ്യമായ ലൈസൻസ് ഈ സ്ഥാപനത്തിന് ഇല്ലെന്നും അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










