റാപ്പർ വേടൻ വിവാഹിതനാകുന്നു. എഴുത്തുകാരി നവമി ലതയാണ് വധു. ഫെബ്രുവരി 24-ന് തൃശ്ശൂരിൽ ലളിതമായ ചടങ്ങായി രജിസ്റ്റർ വിവാഹം നടത്താനാണ് തീരുമാനം. കണ്ണൂരിൽ തദ്ദേശസ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹാപ്പിനസ് ഫെസ്റ്റിവലിലാണ് വേടൻ വിവാഹവാർത്ത പങ്കുവെച്ചത്. ചടങ്ങിൽ പങ്കെടുത്തിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വേദിയിൽവെച്ച് വേടനെ പൊന്നാടയണിച്ച് ആദരിച്ചു. തുടർന്ന് സംസാരിക്കുന്നതിനിടെ എം വി ഗോവിന്ദനാണ് വിവാഹവാർത്ത ആദ്യം സൂചിപ്പിച്ചത്.
അതിന് പിന്നാലെ മറുപടി പ്രസംഗത്തിൽ വേടൻ സന്തോഷവാർത്ത സ്ഥിരീകരിച്ചു. “24-ാം തീയതി ഞാൻ രജിസ്റ്റർ മാരേജ് ചെയ്യുകയാണ്. എന്റെ കല്യാണമാണ്,” എന്നാണ് അദ്ദേഹം പറഞ്ഞത്.
വേടനും നവമി ലതയും ഏറെക്കാലമായി പ്രണയത്തിലാണ്. പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ച് പങ്കെടുക്കാറുണ്ട്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാൻ തിരുവനന്തപുരത്തെത്തിയപ്പോഴും നവമി ലത വേടനൊപ്പമുണ്ടായിരുന്നു. അന്ന് ഇരുവരുടെയും ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ‘പൊണ്ടാട്ടി’ എന്ന കുറിപ്പോടെയായിരുന്നു നവമി ലതയുടെ പോസ്റ്റ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










