കുമാരനല്ലൂർ ∙ മോഷണത്തിനു ശേഷം മാനസാന്തരം; മാലയ്ക്ക് പകരം കള്ളൻ പണം നൽകി. കുമാരനല്ലൂരിലാണ് വീട്ടുകാരെയും നാട്ടുകാരെയും കൗതുകപ്പെടുത്തിയ സംഭവം. എ.ജെ.ബി സ്കൂളിന് സമീപം താമസിക്കുന്ന മുണ്ട്രേട്ട് കുഞ്ഞന്റെ കൊച്ചുമകൾ മൂന്ന് വയസുകാരി ഹവ്വയുടെ ഒന്നേമുക്കാൽ പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. രാവിലെ കുട്ടിയെ കുളിപ്പിച്ച് മാറ്റുമ്പോഴെല്ലാം കഴുത്തിലണിഞ്ഞിരുന്നതായി വീട്ടുകാർ പറഞ്ഞു. പിന്നീട് മാല കാണാതായി. റോഡരികിലാണ് അവരുടെ വീട്. മാല നഷ്ടപ്പെട്ടതറിഞ്ഞ് വീട്ടുകാർ അന്വേഷിച്ച് ആളുകളോട് ചോദിച്ചിരുന്നു.
ഇതിനിടെയാണ് രണ്ടു ദിവസത്തിനു ശേഷം മോഷ്ടാവ് ക്ഷമാപണക്കുറിപ്പു സഹിതം 52,500 രൂപ വീടിനു പിറകിലെ വർക്ക് ഏരിയയിൽ വച്ച് സ്ഥലംവിട്ടത്. മാല എടുത്ത് വിറ്റുവെന്നും നിങ്ങൾ തിരയുന്നത് കണ്ടശേഷം ഒരു മനസ്സമാധാനവും ഇല്ലെന്നും മാല വിറ്റുകിട്ടിയ മുഴുവൻ തുകയും ഇതോടൊപ്പം വയ്ക്കുന്നതായും മനസ്സറിഞ്ഞ് ക്ഷമിക്കണമെന്നും കത്തിൽ മോഷ്ടാവ് പറയുന്നു. മാല കിട്ടിയില്ലെങ്കിലും തുക കിട്ടിയതിന്റെ ആശ്വാസത്തിലാണ് കുടുംബം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.