തിരുവനന്തപുരം: സംസ്ഥാനത്ത് 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫിന് മുൻതൂക്കം. യുഡിഎഫ് പിടിച്ചുനിന്നപ്പോൾ എൻഡിഎഫ് ചില വാർഡുകളിൽ അട്ടിമറി വിജയം നേടി. 23 ഇടത്ത് (സ്വതന്ത്ര ഉൾപ്പെടെ 24) എൽഡിഎഫും 12 ഇടത്ത് യുഡിഎഫും ആറിടത്ത് എൻഡിഎയും വിജയിച്ചു. തൃപ്പുണിത്തുറ നഗരസഭയില്‍ എല്‍ഡിഎഫിന്റെ രണ്ട് സിറ്റിങ് സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത് ഉപതെരഞ്ഞെടുപ്പ് നടന്ന ഇളമനത്തോപ്പില്‍, പിഷാരികോവില്‍ വാര്‍ഡുകളിലാണ് ബിജെപിയുടെ ജയം. ഇതോടെ നഗരസഭയില്‍ 15 സീറ്റുകളുണ്ടായിരുന്ന ബിജെപി സീറ്റുകളുടെ എണ്ണം 17 ആയി ഉയര്‍ത്തി. എല്‍ഡിഎഫിന്റെ സീറ്റുകള്‍ 23ല്‍നിന്ന് 21 ആയി.
കൊച്ചി കോര്‍പറേഷനിലെ എറണാകുളം സൗത്ത് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 75 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥി പത്മജ എസ്.മേനോന് യുഡിഎഫ് സ്ഥാനാര്‍ഥി അനിത വാര്യരെ പരാജയപ്പെടുത്തിയത്. കണ്ണൂര്‍ കോര്‍പ്പറേഷനിലെ കാക്കാട് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി. കൗലത്ത് വിജയിച്ചു . തിരുവനന്തപുരം ജില്ലയിലെ പൂവാര്‍, കല്ലറ പഞ്ചായത്തുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനാണ് ജയം. അതിയന്നൂര്‍, നാവായിക്കുളം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാര്‍ഡ്, ആര്യങ്കാവിലെ കഴുത്തുരുത്തി വാര്‍ഡ്, വെളിയത്തെ ക്ലാപ്പില, പെരിനാട് പഞ്ചായത്തിലെ നന്തിരിക്കല്‍ എന്നീ വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി. വെളിനെല്ലൂര്‍ പഞ്ചായത്തിലെ മുളയറച്ചാലില്‍ യുഡിഎഫിനാണ് ജയം.
കോന്നി പഞ്ചായത്തിലെ ചിറ്റൂര്‍ വാര്‍ഡില്‍ യുഡിഎഫിലെ അര്‍ച്ചന ബാലന് വിജയിച്ചു. ഇടുക്കി ഇടമലക്കുടി പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാര്‍ഥി നിമലാവതി കണ്ണന് 54 വോട്ടും എല്‍ഡിഎഫിലെ പാര്‍വ്വതി പരമശിവന് 33 വോട്ടും യുഡിഎഫിലെ രമ്യാ ഗണേശന് 17 വോട്ടും നേടി.
ഇടുക്കി ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡായ വെള്ളാന്താനത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ജിന്‍സി സാജന് വിജയിച്ചു. വനിതാ സംവരണമായ വാര്‍ഡില്‍ കോണ്‍ഗ്രസിലെ ബിന്ദു സജീവ് പഞ്ചായത്തംഗത്വം രാജി വച്ച് വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ഇടുക്കി അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് ചേമ്പളത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷൈമോള്‍ രാജന് 78 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.
കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷന് വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു ഡിഎഫ് സ്ഥാനാര്‍ഥി ഹരിദാസന് കുടക്കഴിയിലിന് 115 വോട്ടു. ബിജെപി സ്ഥാനാര്‍ഥി കെ അനില്‍ കുമാറിന് 88 വോട്ടും ലഭിച്ചു.
നെടുമ്പാശ്ശേരി പഞ്ചായത്തിലെ 17-ാം വാര്‍ഡ് അത്താണി ടൗണില്‍ യുഡിഎഫിലെ ജോബി നെല്‍ക്കര വിജയിച്ചു. കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി വാര്‍ഡില്‍ എല്‍ഡിഎഫിലെ എന്‍.ഒ. ബാബുവിനാണ് ജയം. മലപ്പുറം ജില്ലയിലെ കണ്ണമംഗലം പഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സി.കെ. അഹമ്മദ് വിജയിച്ചു. 620 വോട്ടുകള്‍ നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം. സ്വതന്ത്രനായി മത്സരിച്ച കെ.ടി. മുഹമ്മദ് ജുനൈദിന് 327 വോട്ടുകള്‍ ലഭിച്ചു.
വള്ളിക്കുന്ന് പഞ്ചായത്തിലെ പരുത്തിക്കാട് വാര്‍ഡില്‍ എല്‍ഡിഎഫിലെ പി എം രാധാകൃഷ്ണന് വിജയിച്ചു. 808 വോട്ടുകള്‍ നേടിയാണ് ജയം. ആലംകോട് പഞ്ചായത്തിലെ ഉദിനിപ്പറമ്പ് വാര്‍ഡില്‍ യുഡിഎഫിലെ ശശി പുക്കെപ്പുറത്ത് വിജയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.