കായംകുളം∙ ആലപ്പുഴ ഹരിപ്പാട് ഏവൂരിൽ സോളർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പി കെ.ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ കാർ അപകടമുണ്ടായ സ്ഥലത്തിനു സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്റെ പോക്കറ്റിൽനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായാണ് വിവരം.
ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്പി ആയിരിക്കെ സോളർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. സോളർ കേസിൽ സരിതയെ നടപടിക്രമങ്ങൾ പാലിക്കാതെ അറസ്‌റ്റ് ചെയ്‌തതിന്റെ പേരിൽ ഇദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. തലശേരിയിൽ നിന്ന് എസ്ഐ ബിജു ലൂക്കോസിന്റെ നേതൃത്വത്തിൽ സരിതയെ അറസ്‌റ്റ് ചെയ്യാൻ പുറപ്പെട്ട പൊലീസ് സംഘത്തെ മറികടന്നു ഹരികൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘം തിരക്കിട്ടു സരിതയെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ആരോപണം. കൂടാതെ ഹരികൃഷ്ണനെതിരെ അനധികൃത സ്വത്തു സമ്പാദനത്തിനു വിജിലൻസ് കേസെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ പെരുമ്പാവൂരിലെ ഫ‌്ളാറ്റിലും കായംകുളത്തും ഹരിപ്പാടുമുള്ള വീടുകളിലും വിജിലൻസ് റെയ്ഡ് നടത്തുകയും ചെയ്തു. വസ്‌തു ഇടപാടുകളുമായും വരവു ചെലവുമായും ബന്ധപ്പെട്ട ഒട്ടേറെ രേഖകൾ അന്ന് പിടിച്ചെടുത്തിരുന്നു. പിന്നീട് ഹരികൃഷ്ണന് സസ്പെൻഷനും ലഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









