കൊവിഡും ഒമിക്രോണും വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനം ഈയാഴ്ച വീണ്ടും അവലോകനയോഗം ചേരും. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും. സ്കൂളുകളുടെയും ഓഫീസുകളുടെയും പ്രവർത്തനം നിയന്ത്രിക്കണമെന്ന് ഉദ്യോഗസ്ഥ തലത്തിൽ ആവശ്യം ഉയർന്നിരുന്നു.
തിങ്കളാഴ്ചയാണ് കൊവിഡ് അവലോകന യോഗം അവസാനം ചേര്‍ന്നത്. സ്കൂളുകൾ അടച്ചുപൂട്ടാനും വാരാന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിർദേശങ്ങൾ യോഗത്തിൽ ഉയർന്നെങ്കിലും കടുത്ത നിയന്ത്രണങ്ങളൊന്നും തീരുമാനിച്ചില്ല. സ്വകാര്യ ചടങ്ങുകളിലെ പങ്കാളിത്തം അൻപതാക്കി ചുരുക്കുക മാത്രമാണ് ചെയ്തത്. അന്ന് പ്രതിദിന രോഗബാധ ആറായിരത്തില്‍ താഴെയും സ്ഥിരീകരണ നിരക്ക് 12.7ശതമാനവും ആയിരുന്നു. ഇന്നലെ രോഗബാധ ഇരട്ടിയായി കുതിച്ച് പന്ത്രണ്ടായിരത്തിന് മുകളിലെത്തി. ടി.പി.ആറും 17 പിന്നിട്ടു. പത്തനംതിട്ടയില്‍ ഒരു ക്ളസ്റ്റര്‍ പോലും രൂപപ്പെട്ട് ഒമിക്രോണ്‍ വ്യാപനവും രൂക്ഷമാണ്. ഇതോടെയാണ് ഈ ആഴ്ചതന്നെ വീണ്ടും അവലോകനയോഗം ചേരാന്‍ തീരുമാനിച്ചത്. ചികിത്സാക്ക് അമേരിക്കയ്ക്ക് പോകുന്നതിനാല്‍ അടുത്ത രണ്ടാഴ്ച മുഖ്യമന്ത്രി സ്ഥലത്ത് ഇല്ലാത്തതും നാളെ യോഗം ചേരാന്‍ കാരണമായി. കൂടുതല്‍ നിയന്ത്രണങ്ങള്‍ എന്നത് തന്നെയാണ് യോഗത്തിന്റെ അജണ്ട. സ്കൂള്‍ നിയന്ത്രണം, ഓഫീസുകളിലെ ഹാജര്‍നില കുറയ്ക്കല്‍, പൊതുവിടങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വാരാന്ത്യനിയന്ത്രണം തുടങ്ങി കടുത്ത നിര്‍ദേശങ്ങളാണ് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമൊന്നും കഴിഞ്ഞയോഗത്തില്‍ ഇതിനോട് യോജിച്ചിരുന്നില്ല. സമ്പൂര്‍ണ ലോക്ഡൗണ്‍ ഉടനുണ്ടാവില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.