കോഴിക്കോട്: ബ്ലോഗറും യൂട്യൂബറുമായ കോഴിക്കോട് ബാലുശ്ശേരി സ്വദേശി റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു. മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, ആത്മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു പൊലീസ് കേസെടുത്തത്. 306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. മാർച്ച് ഒന്നിന് പുലർച്ചെയാണ് ദുബായിലെ ജാഹിലിയയിലുള്ള ഫ്ലാറ്റിൽ റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിഫയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവന്നാണു സംസ്കരിച്ചത്.
കാക്കൂർ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ റിഫയുടെ മരണകാരണം മാനസികവും ശാരീരികവുമായ പീഡനമാണെന്ന് കണ്ടെത്തിയിരുന്നു. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും 3 വർഷം മുമ്പാണ് വിവാഹിതരായത്. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. കഴിഞ്ഞ ജനുവരി 24 ന് ആയിരുന്നു റിഫ മെഹ്നു പര്‍ദ കമ്ബനിയില്‍ ജോലിക്കായി ദുബായിലെത്തിയത്. ഇവര്‍ക്ക് 2 വയസ്സുള്ള മകനുണ്ട്. മെഹ്നാസ് നാട്ടിലുണ്ട്. ജോലിക്കായി ദുബായിൽ എത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു റിഫയുടെ അപ്രതീക്ഷിത മരണം.
മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മെഹ്നാസിനെതിരെ കേസെടുക്കണമെന്നു റിഫയുടെ പിതാവും മാതാവും സഹോദരനും റൂറല്‍ എസ്പി എ.ശ്രീനിവാസിനു പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എസ്പിയുടെ നിര്‍ദേശ പ്രകാരം കാക്കൂര്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









