മിതമായ അളവിൽ മദ്യം കഴിച്ചാലും തിമിരം, കുടൽവ്രണം ഉൾപ്പെടെ അറുപതിൽപരം രോഗങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് ഒരു പഠനം മുന്നറിയിപ്പ് നൽകുന്നു. ലോകത്ത് ഓരോ വർഷവും മുപ്പതു ലക്ഷം പേരാണ് മദ്യപാനം മൂലം മരിക്കുന്നത്.
മദ്യപാനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യസംഘടന മുൻപ് പറഞ്ഞിട്ടുള്ള ലിവർ സിറോസിസ്, പക്ഷാഘാതം, ഉദരത്തിലെയും കുടലിലെയും ചില കാൻസറുകൾ തുടങ്ങിയ 28 രോഗങ്ങളും തിമിരം, സന്ധിവാതം, ചില ഒടിവുകൾ, ഗ്യാസ്ട്രിക് അൾസർ തുടങ്ങിയ മദ്യപാനവുമായി ബന്ധമുണ്ടെന്ന് മുൻപ് സ്ഥാപിക്കപ്പെടാത്ത 33 രോഗങ്ങളും വരാൻ ഉള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ തെളിഞ്ഞു.
1.1 ദശലക്ഷം ആശുപത്രി കേസുകൾ പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വല്ലപ്പോഴും മാത്രം മദ്യം കഴിക്കുന്ന പുരുഷന്മാരെ അപേക്ഷിച്ച് പതിവായി മദ്യപിക്കുന്നവർക്ക് രോഗങ്ങൾ വരാനുള്ള സാധ്യതയും ആശുപത്രിയിലാവാനുള്ള സാധ്യതയും കൂടുതലാണെന്ന് കണ്ടു. ദിവസവും കുടിക്കുക, അല്പാൽപമായി കൂടുതൽ തവണ കുടിക്കുക, ഭക്ഷണസമയങ്ങളിൽ മദ്യപിക്കുക തുടങ്ങിയ മദ്യപാന ശീലങ്ങൾ ചില രോഗങ്ങൾക്ക്, പ്രത്യേകിച്ച് ലിവർസിറോസിസ് വരാനുള്ള സാധ്യത കൂട്ടും.
അമിതമദ്യപാനം പക്ഷാഘാത സാധ്യത വർധിപ്പിക്കും. എന്നാൽ ഇസ്കെമിക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുന്നില്ല. പക്ഷേ മിതമായി മദ്യപിക്കുന്നതുകൊണ്ട് (ദിവസം ഒന്നോ രണ്ടോ ഡ്രിങ്ക്സ്) ഇസ്കെമിക് ഹൃദ്രോഗത്തിൽ നിന്ന് ഒരു സംരക്ഷണവും ലഭിക്കുന്നില്ല എന്നും പഠനം പറയുന്നു. മദ്യപാനം മിതമാണെങ്കിൽ പോലും ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം തെളിയിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.